ദലിത് സ്ത്രീ വെള്ളം കുടിച്ചതിന് വാട്ടർ ടാങ്ക് ഗോ മൂത്രമുപയോഗിച്ച് വൃത്തിയാക്കിയ സംഭവം; ഒരാൾ അറസ്റ്റിൽ
text_fieldsമൈസുരു: ദളിത് സ്ത്രീ വെള്ളം കുടിച്ചതിനെതുടർന്ന് വാട്ടർ ടാങ്ക് ഗോ മൂത്രമുപയോഗിച്ച് വൃത്തിയാക്കിയ സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തതായി പൊലീസ് അറിയിച്ചു. 62 കാരനായ മഹാദേവപ്പയെയാണ് അറസ്റ്റ് ചെയ്തത്. കർണാടകയിലെ ചാമരാജ നഗറിലാണ് കേസിനാസ്പദമായ സംഭവം.
ഹെഗോതറ ഗ്രാമത്തിലെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ എച്ച്.ഡി. കോട്ട സ്വദേശിയായ സ്ത്രീ വഴിയരികിലെ കുടിവെള്ളടാങ്കിനോടുചേർന്ന പൈപ്പിൽനിന്ന് വെള്ളം കുടിക്കുകയായിരുന്നു. ഇത് കണ്ട സമീപവാസികൾ ഇവരെ ശകാരിക്കുകയും ഈ ടാങ്കിലെ വെള്ളം പൂർണമായി തുറന്നുവിട്ട് ഒഴിവാക്കിയ ശേഷം ഗോ മൂത്രം ഉപയോഗിച്ച് കഴുകുകയും ചെയ്തു.
ടാങ്ക് വൃത്തിയാക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അധികൃതർ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. വാട്ടർ ടാങ്കുകൾ പൊതു സ്വത്താണെന്നും എല്ലാവർക്കും അവ ഉപയോഗിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. മഹാദേവപ്പയുടെ നേതൃത്വത്തിലാണ് ടാങ്ക് വൃത്തിയാക്കിയതെന്നും ഇയാൾക്കെതിരെ എസ്.സി -എസ്.ടി നിയമപ്രകാരം കേസ് എടുത്തതായും പൊലീസ് അറിയിച്ചു.

