പഹൽഗാം ഭീകരാക്രമണം: ഭീകരവാദികളെ സഹായിച്ച യുവാവ് പിടിയിൽ
text_fieldsശ്രീനഗർ: ലോകത്തെ ഞെട്ടിച്ച പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ. കുൽഗാം സ്വദേശിയായ മുഹമ്മദ് യൂസുഫ് കതാരിയ (26) ആണ് പിടിയിലായത്. ഭീകരർക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയത് ഇയാളാണെന്ന് കരുതുന്നു. ഏപ്രിൽ 22നാണ് പഹൽഗാമിലെ ബൈസരൺ വാലിയിൽ ഭീകരർ 26 ടൂറിസ്റ്റുകളെ വധിച്ചത്.
കതാരിയയെ 14 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഏതാനും മാസങ്ങൾക്കു മുമ്പാണ് ഇയാൾ തീവ്രവാദികളുമായി ബന്ധം സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് അവരുടെ യാത്രക്കുള്ള സൗകര്യം ഒരുക്കുകയായിരുന്നു. പ്രദേശത്ത് കുട്ടികൾക്ക് ക്ലാസെടുത്തിരുന്ന ആളാണ് കതാരിയ. ഇയാൾ ഒരു കരാർ ജോലിയിലുണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്.
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഭീകരവാദികളെ കണ്ടെത്താൻ ജൂലൈ 28ന് സുരക്ഷാ സേന നടത്തിയ ഓപ്പറേഷൻ മഹാദേവിൽ സുലൈമാൻ ഷാ, ഹാഷിം മൂസ എന്നീ രണ്ട് ഭീകരരെ സുരക്ഷ സേന വധിച്ചിരുന്നു. ഇവരിൽ നിന്ന് കണ്ടെത്തിയ ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും ഫോറൻസിക് പരിശോധനക്കുശേഷമാണ് കത്താരിയയെ പൊലീസ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

