പങ്കാളിയെയും മാതാവിനെയും കൊന്ന് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത പ്രതി പിടിയിൽ
text_fieldsവിശാഖപട്ടണം: പങ്കാളിയെയും അവരുടെ മാതാവിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി നാലു മാസത്തിന് ശേഷം അറസ്റ്റിലായി. ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലെ യെറ്റിഗഡ്ഡയിലാണ് സംഭവം.
കൊല്ലപ്പെട്ട സ്ത്രീയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന കേസും പ്രതിക്കെതിരെയുണ്ട്.
വിധവയായ 35 വയസുകാരി സരളയാണ് കൊല്ലപ്പെട്ടത്. ഗോവിന്ദവരിപല്ലെ ഗ്രാമത്തിൽ 65കാരിയായ അമ്മക്കും മൂന്ന് മക്കൾക്കുമൊപ്പമായിരുന്നു ഇവർ താമസിച്ച് വന്നിരുന്നത്. പ്രതിയുമായി ബന്ധത്തിലായതോടെ ഇവർ കുടുംബസമേതം യെറ്റിഗഡ്ഡയിലെ ഫാം ഹൗസിലേക്ക് താമസം മാറി. വിവാഹം ചെയ്യാതെ ഒരുമിച്ച് താമസിക്കുന്നതിനായാണ് പ്രതി അവരെ താമസം മാറ്റിയത്.
ബന്ധം തുടങ്ങി കുറച്ച് മാസങ്ങൾക്ക് ശേഷം പരപുരുഷ ബന്ധം ആരോപിച്ച് ഇയാൾ സരളയെ കൊലപ്പെടുത്തി. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഇത്. മകളുടെ തിരോധാനത്തെ കുറിച്ച് നിരന്തരം ചോദ്യങ്ങൾ ഉയർത്തിയ വയോധികയായ മാതാവിനെയും ഒക്ടോബറിൽ ഇയാൾ വകവരുത്തി.
പിന്നാലെ സ്ത്രീയുടെ മക്കളുമായി കർണാടകയിലെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയ പ്രതി അവരെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയായിരുന്നു.
ഗ്രാമത്തിെല ഒരു സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണമാരംഭിച്ച പൊലീസ് തിങ്കളാഴ്ച പ്രതിയെ പിടികൂടുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ സമീപത്തെ ജലാശയത്തിന് സമീപത്ത് നിന്ന് കണ്ടെത്തി. രക്ഷപ്പെടുത്തിയ പെൺകുട്ടികളെ സർക്കാറിന് കീഴിലുള്ള അഭയ കേന്ദ്രത്തിലേക്ക് മാറ്റി.

