ബുലന്ദ്ഷഹർ കലാപക്കേസിലെ പ്രതിയെ യു.പിയിൽ ബി.ജെ.പി സോണൽ പ്രസിഡന്‍റായി നിയമിച്ചു
text_fieldsകൊല്ലപ്പെട്ട സുബോധ് സിങ്
ലഖ്നോ: പൊലീസുദ്യോഗസ്ഥൻ അടക്കം കൊല്ലപ്പെട്ട 2018ലെ ബുലന്ദ്ഷഹർ കലാപക്കേസ് പ്രതിയെ ഉത്തർ പ്രദേശിലെ ബി.ജെ.പി സോണൽ പ്രസിഡന്‍റായി നിയമിച്ചു. പ്രതി സച്ചിൻ അഹ്‌ലവത്തിനെയാണ് ബുലന്ദ്ഷഹറിലെ സോണൽ പ്രസിഡന്‍റായി ബി.ജെ.പി യു.പി ഘടകം തീരുമാനിച്ചത്.
ബുലന്ദ്ഷഹറിൽ ബി.ജെ.പി 31 സോണൽ പ്രസിഡന്‍റുമാരെ തെരഞ്ഞെടുത്ത കൂട്ടത്തിലാണ് ബിബി നഗറിൽ ഇയാളും നിയമിക്കപ്പെട്ടത്. കലാപ കുറ്റമടക്കം ചുമത്തപ്പെട്ട് ജയിലിലായ ഇയാൾ ഇപ്പോൾ ജാമ്യത്തിലാണ്.
2018 ഡിസംബർ മൂന്നിനാണ് കുപ്രസിദ്ധമായ കലാപമുണ്ടായത്. ബുലന്ദ്ഷഹറിലെ മഹാവ് ഗ്രാമത്തിലെ സയാന പ്രദേശത്ത് വയലിൽ പശുക്കളെ ചത്ത നിലയിൽ കണ്ടെത്തിയെന്നാരോപിച്ചാണ് അക്രമ സംഭവങ്ങൾ ആരംഭിച്ചത്. പിന്നീട് ചിരങ്‌വതി പൊലീസ് പോസ്റ്റിൽ ഹിന്ദുത്വ സംഘടനകൾ പ്രതിഷേധവുമായി എത്തുകയായിരുന്നു. അടിയന്തര നടപടി ആവശ്യപ്പെട്ട് 60ഓളം പേർ ട്രാക്ടറിൽ പശുക്കളുടെ ജഡം കയറ്റിയാണ് എത്തിയത്.
ഗോഹത്യയിൽ പ്രദേശത്തെ ഏതാനും മുസ്‌ലിംകൾക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇതിനിടെ ബുലന്ദ്ഷഹർ ഹൈവേ പ്രതിഷേധക്കാർ തടഞ്ഞു. ഇതോടെ സിയാന പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് സുബോധ് കുമാർ സിങ് തന്റെ ടീമിനൊപ്പം സ്ഥലത്തെത്തി. പൊലീസ് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിച്ചതോടെ ജനക്കൂട്ടം അക്രമാസക്തരായി. സുബോധ് സിങ്ങിനെ ജനക്കൂട്ടം ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചു. പിനനീട് വെടിവെച്ചു കൊല്ലുകയും ചെയ്തു. അക്രമത്തിനിടെ പ്രതിഷേധക്കാരിൽ ഒരാളും കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

