പശു മോഷണം ആരോപിച്ച് 60 കാരനെ തുണിയുരിഞ്ഞ് ബൈക്കിൽ കെട്ടിവലിച്ചു
text_fieldsഗാർവ (ഝാർഖണ്ഡ്): പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് 60 കാരനെ പട്ടാപ്പകൽ തുണിയുരിഞ്ഞ് റോഡിലൂടെ ബൈക്കിൽ കെട്ടിവലിച്ചു. ഝാർഖണ്ഡിലെ ഗർവ ജില്ലയിൽ അംറോറ ഗ്രാമത്തിലാണ് സംഭവം.
കന്നുകാലികളുമായി ബൻഷിധർ നഗർ ഉന്താരിയിലേക്ക് പോകുകയായിരുന്ന സുർസ്വതി റാം (60) എന്നയാളാണ് ആക്രമണത്തിന് ഇരയായത്. സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ മൂന്നംഗസംഘം തന്റെ തുണിയുരിഞ്ഞ് ബൈക്കിൽ കെട്ടി റോഡിലൂടെ കെട്ടിവലിച്ച് കുറച്ച് ദൂരം കൊണ്ടുപോയതായി സുർസ്വതി റാം പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചയോടെ തന്റെ കന്നുകാലികളുമായി പോകുകയായിരുന്ന സുർസ്വതിയെ രാഹുൽ ദുബെ, രാജേഷ് ദുബെ, കാശിനാഥ് ഭൂയാൻ എന്നിവർ ചേർന്ന് തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും ആക്രമിക്കുകയുമായിരുന്നു. തലസ്ഥാനമായ റാഞ്ചിയിൽനിന്ന് 275 കിലോമീറ്റർ അകലെയാണ് ആക്രമണം നടന്ന ഗ്രാമം.
സംഭവത്തിൽ കേസെടുത്ത പൊലീസ് കാശിനാഥ് ഭൂയാനെ അറസ്റ്റ് ചെയ്തു. മറ്റുള്ളവരെ പിടികൂടാനുള്ള അന്വേഷണം തുടരുകയാണെന്ന് ബൻഷിധർ നഗർ ഉന്താരി സബ് ഡിവിഷണൽ പൊലീസ് ഓഫിസർ സത്യേന്ദ്ര നാരായൺ സിങ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

