വോട്ടർമാരുടെ ഐഡന്റിറ്റി പുനഃസ്ഥാപിക്കാൻ നിർബന്ധിക്കുന്നു; എസ്.ഐ.ആറിൽ തെരഞ്ഞെടുപ്പ് കമീഷന് വീണ്ടും കത്തെഴുതി മമത
text_fieldsന്യൂഡൽഹി: എസ്.ഐ.ആറിൽ തെരഞ്ഞെടുപ്പ് കമീഷനെ വിടാതെ പിന്തുടർന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രണ്ടു പതിറ്റാണ്ടുകളായി നടന്ന നിയമപരമായ തെരഞ്ഞെടുപ്പ് തിരുത്തലുകൾ തെരഞ്ഞെടുപ്പ് കമീഷൻ അവഗണിച്ചതായും നടന്നുകൊണ്ടിരിക്കുന്ന എസ്.ഐ.ആർ പുനഃപരിശോധത്തിനിടെ വോട്ടർമാരെ അവരുടെ ഐഡന്റിറ്റി പുനഃസ്ഥാപിക്കാൻ നിർബന്ധിച്ചതായും ആരോപിച്ച് മമത മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന് വീണ്ടും കത്ത് എഴുതി.
കഴിഞ്ഞ 20 വർഷമായി നടത്തിയ തിരുത്തലുകൾ തെരഞ്ഞെടുപ്പ് കമീഷൻ അവഗണിക്കുകയും വോട്ടർമാരെ രേഖകൾ വീണ്ടും സമർപ്പിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നുവെന്നും ഇത് വ്യാപകമായ ബുദ്ധിമുട്ടുകൾക്ക് കാരണമാകുന്നുവെന്നും കത്തിൽ മമത ആരോപിച്ചു. എസ്.ഐ.ആർ പരിശോധനക്കിടെ സമർപിച്ച രേഖകൾക്ക് ശരിയായ അംഗീകാരങ്ങൾ നൽകാത്തത് ഉൾപ്പെടെയുള്ള ഗുരുതരമായ നടപടിക്രമങ്ങളിലെ വീഴ്ചകളും അവർ ചൂണ്ടിക്കാണിച്ചു.
രണ്ടു മാസത്തിലേറെയായി പശ്ചിമ ബംഗാളിൽ നടന്നുകൊണ്ടിരിക്കുന്ന എസ്.ഐ.ആറിനെതിരെ മമത ഇ.സിക്കെതിരെ നടത്തുന്ന ഏറ്റവും പുതിയ പ്രസ്താവനയാണിത്. ഏതാനും ദിവസം മുമ്പ് എസ്.ഐ.ആർ നടപടിക്രമത്തിനിടെ ഇതിനകം 77 മരണങ്ങൾ ഉണ്ടായെന്ന് അവകാശപ്പെട്ടുകൊണ്ട് മമത സ്ഫോടനാത്മകമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
ഇതിനകം 77 മരണങ്ങളും 4 ആത്മഹത്യാ ശ്രമങ്ങളും ഉണ്ടായെന്നതും 17 പേർ രോഗബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടുവെന്നതും ഞെട്ടിപ്പിക്കുന്നതാണെന്ന് സി.ഇ.സിക്ക് അയച്ച കത്തിൽ അവർ എഴുതി.
മതിയായ ആസൂത്രണമില്ലാതെയാണ് തെരഞ്ഞെടുപ്പ് കമീഷൻ ഈ പ്രക്രിയ നടത്തിയത്. ഇത് ഫീൽഡ് സ്റ്റാഫുകളിൽ ഭയം, ഭീഷണി, അമിത ജോലിഭാരം എന്നിവക്ക് കാരണമായെന്നും മനുഷ്യ വിധിന്യായമില്ലാതെ സാങ്കേതിക ഡാറ്റയെ അമിതമായി ആശ്രയിക്കുന്നതിനാൽ സാധാരണ പൗരന്മാർ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നും അവർ കത്തിൽ തുറന്നടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

