‘തലകീഴായി തൂക്കുമെന്ന പ്രസ്താവന ആഭ്യന്തരമന്ത്രിക്ക് ചേരാത്തത്’ -അമിത് ഷാക്കെതിരെ നിയമനടപടിയുമായി മമത
text_fieldsന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ അക്രമാസക്തമായ പരാമർശങ്ങൾ നടത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഹൂഗ്ലിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് മമതനിലപാട് വ്യക്തമാക്കിയത്. ഒരു ആഭ്യന്തരമന്ത്രി ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത ഭാഷയാണ് അമിത് ഷാ പ്രയോഗിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി.
ബിർഭും ജില്ലയിൽ നടന്ന ബി.ജെ.പി റാലിയിൽ അമിത് ഷാ നടത്തിയ പ്രസംഗമാണ് വിവാദങ്ങൾക്ക് ആധാരം. ബംഗാളിലെ അഴിമതിക്കാരെയും ‘സിൻഡിക്കേറ്റ്’ രാജിനെയും ബിജെപി അധികാരത്തിൽ വന്നാൽ ‘തലകീഴായി തൂക്കുമെന്ന’പരാമർശമാണ് മമതയെ ചൊടിപ്പിച്ചത്. ടി.എം.സി ഗുണ്ടകൾ ബോംബ് സ്ഫോടനങ്ങളിലൂടെ ജനങ്ങളെ ഭയപ്പെടുത്തുന്നത് അവസാനിക്കുമെന്നും വോട്ടർമാർ ബാലറ്റിലൂടെ ഇതിന് മറുപടി നൽകുമെന്നും ഷാ പറഞ്ഞിരുന്നു.
‘തെരഞ്ഞെടുപ്പിന് ശേഷം ആളുകളെ തലകീഴായി തൂക്കുമെന്ന് പറയുന്നത് ഒരു ആഭ്യന്തരമന്ത്രിക്ക് ചേർന്നതാണോ? ഇത്തരം ഭീഷണികൾ കൊണ്ട് ബംഗാളിൽ വിജയിക്കാമെന്ന് ബിജെപി കരുതേണ്ട’- മമത തിരിച്ചടിച്ചു. ഏപ്രിൽ 23ന് ടി.എം.സി പ്രവർത്തകർ വീടുകളിൽ തന്നെ ഇരിക്കണമെന്നും അല്ലെങ്കിൽ മേയ് നാലിന് ഓരോരുത്തരെയായി ജയിലിലടക്കുമെന്നും ഷാ പ്രസംഗത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ 91.78 ശതമാനം എന്ന റെക്കോർഡ് പോളിങാണ് രേഖപ്പെടുത്തിയത്. രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29ന് നടക്കും. മേയ് നാലി നാണ് വോട്ടെണ്ണൽ നിശ്ചയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

