Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘പാർട്ടിയുടെ പേരും ചിഹ്നവും സംഘടനാ പദവികളും ദുരുപയോഗം ചെയ്തു’; വിമതർക്കെതിരെ പരാതി നൽകി തൃണമൂൽ കോൺഗ്രസ് മമത പക്ഷം

text_fields
bookmark_border
Mamata Banerjee Abhishek Banerjee
cancel

ന്യൂഡൽഹി: പശ്ചിമബംഗാൾ തൃണമൂൽ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ, പാർട്ടിയുടെ പേരും ചിഹ്നവും സംഘടനാ പദവികളും നിയമവിരുദ്ധമായി ഉപയോഗിച്ചതിനും അനുയായികളെ തെറ്റിദ്ധരിപ്പിച്ചതിനും ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത നേതാക്കൾക്കെതിരെ പരാതി. പാർട്ടി അധ്യക്ഷ മമത ബാനർജിക്ക് വേണ്ടി പാർട്ടി എം.പിയായ ഡോളാ സെൻ ആണ് ഞായറാഴ്ച പൊലീസിൽ പരാതി നൽകിയത്.

കാളിഘട്ട് പൊലീസ് സ്റ്റേഷനിലും കൊൽക്കത്ത പൊലീസിന്റെ സൈബർ ക്രൈം ഡിവിഷനിലുമാണ് പുതിയ പരാതികൾ. കഴിഞ്ഞദിവസം, കൊൽക്കത്തയിലെ ന്യൂ ടൗൺ, പ്രഗതി മൈതാൻ സ്റ്റേഷനുകളിലും സമാന പരാതികൾ നൽകിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ഒരു മാസത്തിലധികമായി തുടരുന്ന പാർട്ടിക്കുള്ളിലെ പോരാട്ടങ്ങളിലെ പുതിയ സംഭവ വികാസമാണ് ഈ നീക്കം.

പാർട്ടി നേതൃത്വത്തിന്റെ അനുമതിയില്ലാതെ തൃണമൂൽ കോൺഗ്രസിന്റെ ഭാരവാഹികളായി സ്വയം പ്രഖ്യാപിച്ച് ഒരു സമാന്തര സംഘടന രൂപവത്കരിക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയിൽ ഋതബ്രത ബാനർജി, മുൻ മന്ത്രി അരൂപ് റോയ്, ജാവേദ് ഖാൻ, സന്ദീപൻ സാഹ, ബിപ്ലബ് മിത്ര എന്നിവർക്കെതിരെയാണ് കേസെടുത്തത്. പ്രതികൾ പാർട്ടിയുടെ പേരും ചിഹ്നവും സംഘടനാ സ്ഥാനങ്ങളും ഉപയോഗിച്ച് പ്രവർത്തകർക്കും അനുയായികൾക്കും ഇടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയും പാർട്ടിയുടെ പ്രതിച്ഛായ നശിപ്പിക്കുകയും ചെയ്യുന്നുവെന്നും പരാതിയിൽ പറയുന്നു.

ന്യൂ ടൗണിലെ ഒരു ആഡംബര ഹോട്ടലിൽ വിമത വിഭാഗം സംഘടിപ്പിച്ച പ്രത്യേക യോഗത്തിൽ മമത ബാനർജിയെ അധ്യക്ഷ പദവിയിൽ നിന്ന് മാറ്റി, പാർട്ടിയുടെ മുതിർന്ന നിയമസഭാംഗമായ അരൂപ് റോയിയെ പുതിയ തൃണമൂൽ കോൺഗ്രസ് അധ്യക്ഷനായി വിമത വിഭാഗം നിയമവിരുദ്ധമായി പ്രഖ്യാപിച്ചതായും പരാതികളിൽ ആരോപിക്കുന്നു. കഴിഞ്ഞ ആഴ്ച വിമത വിഭാഗത്തിന്റെ യോഗത്തിൽ മമത ബാനർജിയെയും അഭിഷേക് ബാനർജിയെയും ഒഴിവാക്കി പുതിയ ദേശീയ വർക്കിങ് കമ്മിറ്റിയെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മമത ബാനർജിയുടെ നേതൃത്വത്തിലുള്ള വിഭാഗം പൊലീസിൽ പരാതി നൽകിയത്.

ബം​ഗാളിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വലിയ പ്രതിസന്ധിയാണ് ടി.എം.സി നേരിടുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിലെ 20 വിമത എം.പിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ ജനറല്‍ സെക്രട്ടറിയും എം.പിയുമായ അഭിഷേക് ബാനര്‍ജി ലോക്‌സഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. കൂടാതെ സ്പീക്കറുമായി ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അഭിഷേകിനൊപ്പം ലോക്സഭാംഗങ്ങളായ സൗഗത റോയ്, മഹുവ മൊയ്ത്ര, കല്യാണ്‍ ബാനര്‍ജി, രാജ്യസഭാ നേതാവ് ഡെറക് ഒബ്രയാന്‍ എന്നിവരും ഉണ്ടായിരുന്നു. നിയമപ്രകാരം ഒരു പാര്‍ലമെന്റംഗം സ്വമേധയാ പാര്‍ട്ടി അംഗത്വം ഉപേക്ഷിക്കുകയാണെങ്കില്‍ ആ വ്യക്തിയുടെ സഭാംഗത്വം റദ്ദാക്കപ്പെടും. പാര്‍ട്ടിയുടെ മൂന്നില്‍ രണ്ട് ഭാഗവും മറ്റൊരു പാര്‍ട്ടിയില്‍ ലയിച്ചാല്‍ മാത്രമേ അയോഗ്യതയില്‍ നിന്ന് രക്ഷപ്പെടാനാകുള്ളൂവെന്നും അഭിഷേക് ബാനര്‍ജി വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mamata led faction files fresh police complaints against illegal use of party symbols designations by TMC rebels
Next Story