‘അപമാനകരം, ഔദാര്യം വേണ്ട,’ തൊഴിലുറപ്പ് പദ്ധതി നിർദേശം കീറിയെറിഞ്ഞ് മമത; ബംഗാൾ സ്വന്തം നിലയിൽ മുന്നോട്ടുപോകുമെന്ന് വെല്ലുവിളി
text_fieldsമമത ബാനർജി
ന്യൂഡൽഹി: തൊഴിലുറപ്പ് പദ്ധതിയിൽ ഡൽഹിയുടെ ഔദാര്യമാവശ്യമില്ലെന്നും സംസ്ഥാനതലത്തിൽ സമാനമായ പദ്ധതി ആവിഷ്‍കരിക്കുമെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കൂച്ച് ബെഹാറിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മമത.
പുതിയ തൊഴിലുറപ്പ് മാനദണ്ഡങ്ങൾ രേഖപ്പെടുത്തിയ കടലാസ് കീറിയെറിഞ്ഞുകൊണ്ടായിരുന്നു മമതയുടെ പരാമർശം. മാനദണ്ഡങ്ങൾ വിലയില്ലാത്തതും അപമാനകരവുമാണെന്ന് മമത പറഞ്ഞു.
‘ഡിസംബർ ആറുമുതൽ ഓരോ മൂന്നുമാസവും തൊഴിൽ ബജറ്റ് സമർപ്പിക്കണമെന്ന് നിർദേശിക്കുന്ന കേന്ദ്രത്തിന്റെ ഒരു കത്ത് കഴിഞ്ഞ ദിവസം കിട്ടി. കേന്ദ്രം ഒരു നിബന്ധന വെച്ചിരിക്കുകയാണ്. എന്നാൽ, ഇത് കാണിക്കാൻ എവിടെയാണ് സമയം. ഇത് ഡിസംബറാണ്, അടുത്ത വർഷം ആദ്യം തെരഞ്ഞെടുപ്പാണ്. ഇതിന്, പരിശീലനം നൽകുമെന്നും അവർ പറയുന്നു. എന്നാൽ എന്നാണ് നിങ്ങൾ പരിശീലനം നൽകുക, എന്നാണ് ജോലി നൽകുക? ഈ കടലാസുകഷണത്തിന് ഒരുവിലയുമില്ല. ഞങ്ങൾ അധികാരത്തിൽ വരും. കർമശ്രീ പദ്ധതിയിൽ നിലവിൽ 70 ദിവസം ജോലി നൽകുന്നുണ്ട്. അത് ഞങ്ങൾ 100 ദിവസമാക്കും. നിങ്ങളുടെ ഔദാര്യം ഞങ്ങൾക്ക് വേണ്ട, ഞങ്ങൾ യാചിക്കാനില്ല. എനിക്ക് അപമാനിക്കപ്പെട്ടതായി തോന്നുന്നു. അതുകൊണ്ടാണ് ഈ നിർദേശങ്ങൾ കീറിയെറിയുന്നത്,’ മമത പറഞ്ഞു.
ബംഗാൾ ഒരിക്കലും തലകുനിക്കില്ലെന്ന് മമത കൂട്ടിച്ചേർത്തു. സംസ്ഥാനം തലയുയർത്തി തന്നെ മുന്നോട്ടുപോകും. ബി.എൽ.എമാർ അവരുടെ ജോലി തുടരണം. പാർട്ടിയും ഒറ്റക്കെട്ടായി ജോലികൾ തുടരണം. ഏറ്റുമുട്ടലുണ്ടാവുമ്പോൾ എല്ലാവരും ഒന്നിച്ച് തോളോട് തോൾ ചേർന്ന് പ്രവർത്തിക്കണമെന്നും മമത ആഹ്വാനം ചെയ്തു.
വോട്ടർ പട്ടിക പരിഷ്‍കരിക്കുന്നത് ശരിയായ രീതിയിലാവണമെന്നും മമത പറഞ്ഞു. ‘ഈ രാജ്യത്തെ പൗരൻമാർ സ്വന്തം പൗരത്വം തെളിയിക്കേണ്ടതുണ്ടോ? എന്ത് അപമാനകരമാണത്?’ മമത ചോദിച്ചു. സംസ്ഥാനം ബി.ജെ.പിയുടെ കൈകളിലെത്തിപ്പെട്ടാൽ അന്തസും അഡ്രസുമുണ്ടാവില്ലെന്നും ബംഗാൾ തടങ്കൽ കേന്ദ്രമാവുമെന്നും മമത ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

