പശ്ചിമ ബംഗാളിൽ ബി.ജെ.പി വിജയിക്കുകയാണെങ്കിൽ ഗുജറാത്ത് അവർക്ക് നഷ്ടമാകും; അതാണ് ഡീലെന്ന് മമത ബാനർജി
text_fieldsകൊൽക്കത്ത: ബംഗാളിന് പകരം ഗുജറാത്ത് അതാണ് ബി.ജെ.പിയുടെ വിലപേശലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിഹാറിൽ ഉൾപ്പെടെ വൻ ക്രമക്കേടുകൾ നടത്തിയാണ് ബി.ജെ.പി വലിയ വിജയങ്ങൾ നേടുന്നതെന്നും മമത ആരോപിച്ചു. അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാൾ, തമിഴ് നാട്, അസം, കേരള സംസ്ഥാനങ്ങളിലാണ് തീവ്ര വോട്ടർ പട്ടിക പരിഷ്‍കരണം(എസ്.ഐ.ആർ) നടപ്പാക്കുന്നത്. വോട്ടെടുപ്പിന് തൊട്ടുമുമ്പ് ബിഹാറിലെ സ്ത്രീകൾക്ക് 10,000 രൂപ സ്റ്റൈപ്പന്റായി നൽകിയതിനെ കുറിച്ചും മമത രൂക്ഷ വിമർശനമുയർത്തി.
ഇനി വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങളെ കുറിച്ച് താനൊരു പ്രവചനം നടത്തുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജൻമനാടായ ഗുജറാത്തിൽ ബി.ജെ.പി പരാജയപ്പെടാൻ പോവുകയാണെന്നും മമത പറഞ്ഞു. ബംഗാളിൽ വിജയിക്കാൻ വേണ്ടി ഗുജറാത്ത് അവർക്ക് വിട്ടുകൊടുക്കേണ്ടി വരുമെന്നും മമത എസ്.ഐ.ആറിനെതിരായ പ്രതിഷേധ മാർച്ചിൽ ആഞ്ഞടിച്ചു.
1990 മുതൽ ഗുജറാത്തിൽ ബി.ജെ.പി അധികാരത്തിലിരിക്കുകയാണ്. 2022ൽ കോൺഗ്രസിനെ നിലംപരിശാക്കി 182 സീറ്റുകളിൽ 156ഉം പിടിച്ചെടുത്താണ് അവർ അധികാരമുറപ്പിച്ചത്.
പശ്ചിമ ബംഗാളിൽ മമത ബാനർജി നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസാണ് ദീർഘകാലമായി ഭരിക്കുന്നത്. 2019ലെയും 2024ലെയും ലോക്സഭ തെരഞ്ഞെടുപ്പുകളിലും 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും ടി.എം.സിക്ക് തന്നെയായിരുന്നു മേൽക്കൈ. എന്നാൽ ഇത്തവണ മമതക്ക് അഗ്നി പരീക്ഷണമാണ്. ഡൽഹിയും ബിഹാറും പിടിച്ചെടുത്ത ബി.ജെ.പിയുടെ അടുത്ത ലക്ഷ്യം പശ്ചിമ ബംഗാളാണ്. എന്തുവിലകൊടുത്തും അധികാരം നേടിയെടുക്കുക എന്നതാണ് ബംഗാളിൽ ബി.ജെ.പിയുടെ ലക്ഷ്യം.
ടി.എം.സിയിലെ അടിസ്ഥാന വോട്ടർമാരെയാണ് അതിനു വേണ്ടി ബി.ജെ.പി ചാക്കിട്ടുപിടിക്കാൻ ശ്രമിക്കുന്നത്. വിജയിക്കാനായുള്ള ആയുധമായാണ് ബി.ജെ.പി എസ്.ഐ.ആറിനെ കാണുന്നതെന്നും ടി.എം.സിയും മറ്റ് പാർട്ടികളും ആരോപണമുന്നയിച്ചു. പാർശ്വവത്കരിക്കപ്പെട്ട വോട്ടർമാരെ ഇല്ലാതാക്കി തങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്യുന്നവരെ നിലനിർത്തുകയാണ് ബി.ജെ.പി എസ്.ഐ.ആറിലൂടെ നടപ്പാക്കുന്നതെന്നും ടി.എം.സി ആരോപിച്ചു.
തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് എന്തിനാണ് ഇത്രയും തിരക്കുപിടിച്ച് എസ്.ഐ.ആർ നടപ്പാക്കുന്നതെന്നും മമത ചോദിച്ചു. നുഴഞ്ഞുകയറ്റക്കാരെന്ന കാപ്പ ചുമത്തി സംസ്ഥാനത്തു നിന്ന് ഒരാളെ പോലും പുറത്താക്കാൻ താൻ അനുവദിക്കില്ലെന്നും മമത വ്യക്തമാക്കി.
ഇക്കാലമത്രയും അതിർത്തി ജില്ലകളിൽ അനധികൃത കുടിയേറ്റക്കാർ താമസിച്ചിരുന്നെങ്കിൽ, അന്താരാഷ്ട്ര അതിർത്തി കാക്കാൻ ആരാണ് ഉത്തരവാദിയെന്നും മമത ചോദിച്ചു. വിമാനത്താവളങ്ങളും കസ്റ്റംസും എല്ലാം കേന്ദ്ര സർക്കാറിന്റെ നിയന്ത്രണത്തിലാണ്. പിന്നെ എങ്ങനെയാണ് അനധികൃത കുടിയേറ്റക്കാർ രാജ്യത്തേക്ക് എത്തിയതെന്നും മമത ചോദ്യമുന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

