'മമതാ ബാനർജിയുമായി അടുത്തബന്ധം'; അത്താഴവിരുന്നിനു പിന്നാലെ പ്രതികരണവുമായി ഗാംഗുലി
text_fieldsകേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് വീട്ടിൽ അത്താഴ വിരുന്നൊരുക്കിയതിനു പിന്നാലെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി തനിക്കുള്ള സൗഹൃദം തുറന്നുപറഞ്ഞ് ബി.സി.സി.ഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി.
മുഖ്യമന്ത്രി മമതാ ബാനർജിയുമായി വളരെ അടുത്ത ബന്ധമാണ് തനിക്കുള്ളതെന്ന് ഗാംഗുലി പറഞ്ഞു. കൊൽക്കത്തയിൽ ഒരു സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ആശുപത്രി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഡോക്ടർ എന്നെ ബന്ധപ്പെട്ടപ്പോൾ, അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ അടുത്തേക്ക് കൊണ്ടുപോയത് താനാണെന്നും അപ്പോൾ തന്നെ മമത ബാനർജി ആവശ്യമായ ഇടപെടൽ നടത്തിയതായും ഗാംഗുലി പറയുന്നു.
വെള്ളിയാഴ്ച കൊൽക്കത്തയിലെ വീട്ടിൽ അമിത് ഷാക്ക് അത്താഴ വിരുന്നൊരുക്കിയത് മുൻ ക്രിക്കറ്റ് താരം ബി.ജെ.പിയിലേക്ക് പോകുന്നതിന്‍റെ സൂചനയാണെന്ന തരത്തിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, 2008 മുതൽ അമിത് ഷായെ അറിയുമെന്നും ബി.സി.സി.ഐയിൽ അദ്ദേഹത്തിന്‍റെ മകനോടൊപ്പമാണ് പ്രവർത്തിക്കുന്നതെന്നുമാണ് ഇതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ഗാംഗുലി പ്രതികരിച്ചത്.
അമിത് ഷാ ഗാംഗുലിയുടെ വസതി സന്ദർശിച്ചതിനെ കുറിച്ച് മമത ബാനർജിയോട് ചോദിച്ചപ്പോൾ അതിഥികളെ സ്വീകരിക്കുന്നത് ബംഗാളികളുടെ സംസ്കാരമാണെന്നായിരുന്നു മറുപടി.