അഴിമതിക്കാരെ കഴുകി വെളുപ്പിക്കുന്ന ‘ബി.ജെ.പി വാഷിങ് മെഷീനു’മായി മമത
text_fieldsകൊൽക്കത്ത: ബി.ജെ.പി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാറിനെ പരിഹസിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ പ്രതിപക്ഷം ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്ത് കൊൽക്കത്തിയിൽ സംഘടിപ്പിച്ച ധർണയിലാണ് ‘ബി.ജെ.പി വാഷിങ് മെഷീനു’മായി മമത രംഗത്തുവന്നത്.
‘ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ, രാജ്യത്തു നിന്ന് തന്നെ പുറത്താക്കാൻ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരുമിച്ച് പോരാടണം. രാജ്യത്തെ രക്ഷിക്കാൻ ദുശ്യാസനനെ ഒഴിവാക്കുക, ജനാധിപത്യത്തെയും പാവങ്ങളെയും രക്ഷിക്കാൻ ദുര്യോധനനെ ബഹിഷ്‍കരിക്കുക’എന്നും മമത പരിപാടിയിൽ പറഞ്ഞു.
ബി.ജെ.പി വാഷിങ് മെഷീൻ
അഴിമതിക്കാർ ബി.ജെ.പിയിൽ ചേരുന്നതോടെ പരിശുദ്ധരായി മാറുന്നതിനെ പ്രതീകവത്കരിക്കാനാണ് മമത ബി.ജെ.പി വാഷിങ് മെഷീൻ അവതരിപ്പിച്ചത്. സ്റ്റേജിൽ സ്ഥാപിച്ചിരുന്ന മെഷീനിൽ കറുത്ത തുണികളിട്ട് പ്രതീകാത്മകമായി വെളുത്ത തുണികൾ പുറത്തെടുത്തായിരുന്നു മമതയുടെ പരിഹാസം.
‘വാഷിങ് മെഷീൻ, ബി.ജെ.പി’ എന്ന മുദ്രാവാക്യവും മമത സ്റ്റേജിൽ മുഴക്കി. ‘ബി.ജെ.പി ഒരു വാഷിങ് മെഷീനായി. എല്ലാ കള്ളന്മാരുടെയും കൊള്ളക്കാരുടെയും ഒരു ലിസ്റ്റ് തരൂ. അവരെല്ലാം അവിടെ ബി.ജെ.പിക്കൊപ്പം ഇരിക്കുന്നു. എനിക്ക് അവരുടെ ഭരണഘടനയെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ കേൾക്കുമ്പോൾ ചിരിയാണ് വരുന്നത്’-മമത പറഞ്ഞു.
മോദിയുടെ പുതിയ ഇന്ത്യയിൽ പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിടുകയാണ്. ക്രിമിനൽ പശ്ചാത്തലമുള്ള ബി.ജെ.പി നേതാക്കൾ മന്ത്രിമാരാകുമ്പോൾ, പ്രതിപക്ഷ നേതാക്കൾ പ്രസംഗത്തിന്റെ പേരിൽ പാർലമെന്റിൽ അയോഗ്യരാക്കപ്പെടുന്നു. -മമത വ്യക്തമാക്കി.