Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൃണമൂലിന്റെ പേരും ചിഹ്നവും മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെതിരെ മമത ബാനർജി സുപ്രീം കോടതിയിൽ

text_fields
bookmark_border
തൃണമൂലിന്റെ പേരും ചിഹ്നവും മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെതിരെ മമത ബാനർജി സുപ്രീം കോടതിയിൽ
cancel

ന്യൂഡൽഹി: ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) പാർട്ടിയുടെ പേരും ചിഹ്നവും ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിക്കൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെ മുൻ മുഖ്യമന്ത്രി മമത ബാനർജി സുപ്രീം കോടതിയെ സമീപിച്ചു. ഔദ്യോഗിക ടി.എം.സി പേരും ചിഹ്നവും തങ്ങളുടെ വിഭാഗത്തിന് നിഷേധിച്ച കമ്മീഷൻ നടപടി ചോദ്യം ചെയ്താണ് വെള്ളിയാഴ്ച മമത സുപ്രീം കോടതിയിൽ ഹരജി നൽകിയത്.

പാർട്ടിക്കുള്ളിലെ തർക്കം പരിശോധിക്കുന്നതിന്റെ ഭാഗമായി ഇരുവിഭാഗങ്ങളെയും ടി.എം.സി പേരടക്കം ഉപയോഗിക്കുന്നതിൽ നിന്ന് കമ്മീഷൻ തടഞ്ഞിരുന്നു. തുടർന്ന് ഇരുവിഭാഗങ്ങൾക്കും പുതിയ താത്കാലിക പേരുകളും ചിഹ്നങ്ങളും അനുവദിക്കുകയുണ്ടായി. ഇതിൽ അരുപ് റോയ് നേതൃത്വം നൽകുന്ന വിഭാഗത്തിന് 'ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ്' എന്ന പേരും 'കവർ' ചിഹ്നവുമാണ് അനുവദിച്ചത്. മമത ബാനർജിയുടെ വിഭാഗത്തിന് 'മമത ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്' എന്ന പേരും 'ഫുട്ബോൾ പ്ലെയർ' ചിഹ്നവുമാണ് ലഭിച്ചത്. പശ്ചിമ ബംഗാൾ, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ ഇരു വിഭാഗങ്ങളെയും രാഷ്ട്രീയ പാർട്ടികളായി അംഗീകരിച്ചിട്ടുണ്ട്.

പാർട്ടിയുടെ പേരും പരമ്പരാഗത ചിഹ്നവും മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെ രൂക്ഷമായി വിമർശിച്ച മമത ബാനർജി, പാർട്ടിയുടെ തനിമ നഷ്ടപ്പെടുന്നത് സ്വന്തം കുഞ്ഞിനെ നഷ്ടപ്പെടുന്ന അമ്മയുടെ വേദനക്ക് തുല്യമാണെന്ന് വിശേഷിപ്പിച്ചു. ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ "കറുത്ത ദിനം" എന്നാണ് അവർ ഇതിനെ വിശേഷിപ്പിച്ചത്. ഇടക്കാല ഉത്തരവിലൂടെയുള്ള ഈ വിട്ടുവീഴ്ച അംഗീകരിക്കില്ലെന്നും, പാർട്ടിയുടെ യഥാർത്ഥ പേരും 'പുല്ലും പൂക്കളും' ചിഹ്നവും നിയമപരമായും രാഷ്ട്രീയമായും തിരിച്ചുപിടിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളും തന്നെ ബന്ധപ്പെട്ടിരുന്നതായും മമത അറിയിച്ചു.

ഇതിനിടെ വരാനിരിക്കുന്ന നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിൽ മമതയുടെ വിഭാഗം മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചു. ഒക്ടോബർ 6-ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണക്കാനാണ് പാർട്ടി തീരുമാനം. ദേശീയ തലത്തിൽ ഇൻഡ്യ മുന്നണിയുടെ ഭാഗമാണെങ്കിലും പശ്ചിമ ബംഗാളിൽ ടി.എം.സിയും കോൺഗ്രസും പരസ്പരം മത്സരിക്കുന്നതാണ് പതിവ്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഇരു പാർട്ടികളും അവസാനമായി സഖ്യമായി മത്സരിച്ചത്.

മമതയുടെ വിഭാഗം നന്ദിഗ്രാമിൽ മത്സരിക്കാൻ തീരുമാനിച്ചിരുന്ന സഞ്ചിത പ്രധാൻ ദേയ് നാമനിർദ്ദേശ പത്രിക പിൻവലിച്ചതിന് പിന്നാലെയാണ് ഈ നിർണ്ണായക പ്രഖ്യാപനം വന്നത്. കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാനെ പിന്തുണക്കുമെന്നും, ബി.ജെ.പിയെ നേരിടാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചുനിൽക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നും മമത കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mamata moves Supreme Court against EC order freezing TMC name, symbol
Next Story