രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പൊതു സ്ഥാനാർഥിക്ക് 17 പാർട്ടികൾ
text_fieldsന്യൂഡൽഹി: രാഷ്ട്രപതിസ്ഥാനത്തേക്ക് പ്രതിപക്ഷത്തിന്റെ പൊതുസമ്മത സ്ഥാനാർഥിയെ നിർത്താനും ഇതിന് വിശദ കൂടിയാലോചന നടത്താനും തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ധാരണ. അതേസമയം, തെലങ്കാന രാഷ്ട്രസമിതിയും ആം ആദ്മി പാർട്ടിയും അടക്കം അഞ്ചു പ്രമുഖ പാർട്ടികൾ വിട്ടുനിന്നു.
മമത ഏകപക്ഷീയമായി യോഗം വിളിച്ച രീതിയോടുള്ള എതിർപ്പ് ബാക്കിനിർത്തിയാണ് കോൺഗ്രസും ഇടതും അടക്കം പല പാർട്ടികളും പ്രതിനിധികളെ അയച്ചത്. മമത നടത്തിയ പ്രസംഗം അതേപടി യോഗത്തിന്റെ പ്രമേയമായി മുന്നോട്ടുവെക്കാനുള്ള നിർദേശം യോഗം അംഗീകരിച്ചതുമില്ല. പകരം, ഒറ്റവാചകത്തിലുള്ള പ്രമേയം തയാറാക്കി. കഴിവതും 21ന് വീണ്ടും യോഗം വിളിക്കാനും അതിനു മുമ്പായി കൂടിയാലോചന പൂർത്തിയാക്കാനുമാണ് ധാരണ. മമത, ശരദ് പവാർ, കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ എന്നിവർ വിവിധ പാർട്ടികളുമായി ബന്ധപ്പെടും. 75ാം സ്വാതന്ത്ര്യ വാർഷിക വേളയിൽ നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ, ജനാധിപത്യത്തിനും രാജ്യത്തിന്റെ സാമൂഹിക ഘടനക്കും മോദിസർക്കാർ കൂടുതൽ പരിക്കേൽപിക്കുന്നത് അവസാനിപ്പിക്കാൻ പാകത്തിൽ ഭരണഘടനയുടെ കാവലാളായി പ്രവർത്തിക്കാൻ കഴിയുന്ന പൊതുസ്ഥാനാർഥിയെ നിർത്താൻ തീരുമാനിക്കുന്നു എന്ന പ്രമേയം അംഗീകരിച്ചാണ് യോഗം പിരിഞ്ഞത്. ശരദ് പവാർ സ്ഥാനാർഥിയാകണമെന്ന നിർദേശം മമത യോഗത്തിൽ മുന്നോട്ടു വെച്ചെങ്കിലും പവാർതന്നെ അത് തള്ളി. കഴിഞ്ഞ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർഥിയായിരുന്ന ഗോപാൽകൃഷ്ണ ഗാന്ധി, നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല എന്നിവരെയും മമത നാമനിർദേശം ചെയ്തു. എന്നാൽ അടുത്ത യോഗത്തിനു മുമ്പായി നടക്കുന്ന കൂടിയാലോചനകളിലൂടെ വേണം പേരു നിശ്ചയിക്കാനെന്ന് യോഗം നിർദേശിച്ചു.
കോൺഗ്രസ് കൂടി പങ്കെടുക്കുന്ന യോഗത്തിലേക്ക് എത്തുകയില്ലെന്നാണ് ടി.ആർ.എസും ആം ആദ്മി പാർട്ടിയും അറിയിച്ചത്. എന്നാൽ, പ്രതിപക്ഷ പൊതുസ്ഥാനാർഥിയെ അംഗീകരിക്കാതിരിക്കാൻ സാധ്യതയില്ല. 22 കക്ഷി നേതാക്കളെയാണ് മമത വിളിച്ചതെങ്കിലും അകാലിദൾ, വൈ.എസ്.ആർ കോൺഗ്രസ്, ബി.ജെ.ഡി എന്നിവയും പങ്കെടുത്തില്ല. തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ്, ഡി.എം.കെ, സമാജ്വാദി പാർട്ടി, എൻ.സി.പി, ആർ.ജെ.ഡി, നാഷനൽ കോൺഫറൻസ്, പി.ഡി.പി, സി.പി.ഐ-എം.എൽ, ആർ.എൽ.ഡി, ജെ.എം.എം, ജെ.ഡി.എസ്, ശിവസേന തുടങ്ങി 17 പാർട്ടികളുടെ പ്രതിനിധികളാണ് പങ്കെടുത്തത്. എളമരം കരീം (സി.പി.എം), ഇ.ടി മുഹമ്മദ് ബഷീർ (മുസ്ലിം ലീഗ്), ബിനോയ് വിശ്വം (സി.പി.ഐ), എൻ.കെ പ്രേമചന്ദ്രൻ (ആർ.എസ്.പി) തുടങ്ങിയവർ പങ്കെടുത്തവരിൽ ഉൾപ്പെടുന്നു.
രാഷ്ട്രപതി സ്ഥാനാർഥിയുടെ കാര്യത്തിൽ കോൺഗ്രസ് പ്രത്യേകമായി പേര് മുന്നോട്ടുവെക്കുന്നില്ലെന്നും കൂട്ടായ തീരുമാനം അംഗീകരിക്കുമെന്നും യോഗത്തിൽ പങ്കെടുത്ത മല്ലികാർജുൻ ഖാർഗെ, ജയ്റാം രമേശ്, രൺദീപ്സിങ് സുർജേവാല എന്നിവർ വ്യക്തമാക്കി.