ബംഗാൾ ഉപതെരഞ്ഞെടുപ്പ്: ഭബാനിപൂരിൽ മമതയുടെ കുതിപ്പ്, 20,000ലേറെ വോട്ടിന്‍റെ ലീഡ്
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭബാനിപൂർ നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ആറ് റൗണ്ട് പിന്നിടുമ്പോൾ മുഖ്യമന്ത്രി മമത ബാനർജി ഏറെ മുന്നിൽ. 23,957 വോട്ടിന്‍റെ ഭൂരിപക്ഷമാണ് മമതയ്ക്കുള്ളത്. മമത 28,355 വോട്ടുകൾ നേടിയപ്പോൾ എതിർ സ്ഥാനാർഥി ബി.ജെ.പിയുടെ പ്രിയങ്ക തിബ്രേവാളിന് 4398 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. സി.പി.എമ്മിന്‍റെ ശ്രീജീബ് ബിശ്വാസിന് 343 വോട്ട് മാത്രമാണ് നേടാനായത്. 21 റൗണ്ടായാണ് വോട്ടെണ്ണൽ.
ബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് നിയമസഭ മണ്ഡലങ്ങളായ ജാൻഗിപൂരിലും സംസർഗഞ്ചിലും തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥികൾ തന്നെയാണ് മുന്നിട്ടുനിൽക്കുന്നത്. സംസർഗഞ്ചിൽ ബി.ജെ.പി സ്ഥാനാർഥി മൂന്നാമതാണ്.
നന്ദിഗ്രാമിൽ തൃണമൂൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയോട് പരാജയപ്പെട്ടതിനെ തുടർന്നാണ് മമത സ്വന്തം മണ്ഡലമായ ഭബാനിപൂരിൽനിന്ന് ജനവിധി തേടിയത്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഒരാൾ മന്ത്രിസ്ഥാനത്തെത്തിയാൽ ആറുമാസത്തിനകം തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് ചട്ടം.
തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ സുരക്ഷ കർശനമാക്കി. തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് വ്യാപകമായി അരങ്ങേറിയ അക്രമസംഭവങ്ങൾ കണക്കിലെടുത്താണ് തീരുമാനം. ത്രിതല സുരക്ഷ സംവിധാനം ഏർപ്പെടുത്തുകയും 24 കമ്പനി കേന്ദ്ര സേനയെയും ഭവാനിപൂരിൽ വിന്യസിക്കുകയും ചെയ്തു.
ഭബാനിപൂരിന് പുറമെ സംസർഗഞ്ച്, ജാൻഗിപുർ എന്നിവിടങ്ങളിലുമാണ് വോട്ടെടുപ്പ് നടന്നത്. ഇവിടങ്ങളിൽ നേരത്തെ തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. 57 ശതമാനമാണ് ഭബാനിപൂരിലെ വോട്ടിങ് ശതമാനം. സംസർഗഞ്ചിൽ 79ഉം ജാൻഗിപുരിൽ 77 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഒഡിഷയിലെ പിപ്ലി മണ്ഡലത്തിൽ ബി.ജെ.ഡി സ്ഥാനാർഥി രുദ്രപ്രതാപ് മഹാരഥിയാണ് മുന്നിൽ. ബി.ജെ.പിയുടെ ആശ്രിത് പട്നായിക്കാണ് എതിരാളി.

