മമത ബാനർജിയും എം.എ. ബേബിയും ഫോണിൽ സംസാരിച്ചു; തെരഞ്ഞെടുപ്പ് കമീഷനെതിരെ ഒന്നിച്ച് ടി.എം.സിയും സി.പി.എമ്മും
text_fieldsകൊൽക്കത്ത: തെരഞ്ഞെടുപ്പ് കമീഷന്റെ പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട് കമീഷനുള്ളിൽ ഭിന്നതയുണ്ടെന്ന മാധ്യമ വാർത്തകൾക്ക് പിന്നാലെ, പശ്ചിമ ബംഗാളിലെ കടുത്ത രാഷ്ട്രീയ വൈരികളായ തൃണമൂൽ കോൺഗ്രസും (ടി.എം.സി) സി.പി.എമ്മും തമ്മിൽ ആശയവിനിമയം ആരംഭിച്ചു. പ്രതിപക്ഷ കക്ഷികൾക്കിടയിലെ ആശങ്കകൾ ശക്തമാകുന്നതിനിടയിലാണ് വർഷങ്ങളായി പരസ്പരം പോരടിക്കുന്ന ഈ രണ്ട് പാർട്ടികളും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നത്.
പ്രതിപക്ഷ സഖ്യമായ 'ഇൻഡ‍്യ' മുന്നണിയുടെ സ്ഥാപകാംഗങ്ങളാണെങ്കിലും ഇതുവരെ ഇരു പാർട്ടികളും തമ്മിൽ ഔദ്യോഗികമായോ അനൗദ്യോഗികമായോ ആശയവിനിമയങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യതയും ജനാധിപത്യ പ്രക്രിയയും സംരക്ഷിക്കുന്നതിനായി പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി രംഗത്തുവരേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്യാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയും വെള്ളിയാഴ്ച ഫോണിൽ സംസാരിച്ചു.
കൂടാതെ, വിഷയം ചർച്ച ചെയ്യാൻ എത്രയും പെട്ടെന്ന്, തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ തന്നെ 'ഇൻഡ‍്യ' മുന്നണിയുടെ യോഗം വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ട് മമത ബാനർജി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും ഫോണിൽ സംസാരിച്ചതായി വിവരമുണ്ട്. തെരഞ്ഞെടുപ്പ് കമീഷനിലെ ഭിന്നതകൾ ദേശീയ തലത്തിലും പ്രതിപക്ഷ നിരയിലും വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

