
നന്ദിഗ്രാമിലെ തോൽവി ഭയത്തിൽ മമത മത്സരിക്കാൻ മറ്റൊരു മണ്ഡലം തേടുന്നു -ജെ.പി. നഡ്ഡ
text_fieldsകൊൽക്കത്ത: ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ നിന്ന് ജനവിധി തേടുന്ന മുഖ്യമന്ത്രി മമത ബാനർജി പരാജയപ്പെടുമെന്നും അതിനാൽ മത്സരിക്കാൻ മറ്റൊരു സീറ്റ് കണ്ടെത്തുകയാണെന്നും ബി.ജെ.പി ദേശീയ അധ്യക്ഷൻ െജ.പി. നഡ്ഡ.
നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ മമത ബാനർജി മറ്റൊരു മണ്ഡലം തേടുകയാണ്. നന്ദിഗ്രാമിൽ ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയോട് പരാജയപ്പെടുമെന്ന ഭീതിയാണ് ഇതിന് കാരണമെന്നും ജെ.പി. നഡ്ഡ കൂട്ടിച്ചേർത്തു.
രണ്ടാം ഘട്ട തെരഞ്ഞെടുപ്പിലായിരുന്നു നന്ദിഗ്രാമിൽ വോട്ടെടുപ്പ്. മമത ബാനർജിയും തൃണമൂൽ വിട്ട സുവേന്ദു അധികാരിയും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലമാണ് നന്ദിഗ്രാം. മമത സ്ഥിരമായി മത്സരിച്ചിരുന്ന ഭവാനിപുർ ഒഴിവാക്കിയാണ് സുവേന്ദുവിനെതിരെ നേരിട്ട് മത്സരത്തിനിറങ്ങിയത്.
ബഗാളിൽ ഞങ്ങൾ സർക്കാർ രൂപീകരിക്കും. ബംഗാളിലെ തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതാകും. മമത ബാനർജിയുടെ ഭരണം തള്ളികളയാൻ ജനങ്ങൾ താൽപര്യം കാണിക്കുകയാണെന്നും ജെ.പി. നഡ്ഡ പറഞ്ഞു.
ആദ്യരണ്ടു ഘട്ടങ്ങളിൽ വോട്ടെടുപ്പ് നടന്നിടത്ത് തൃണമൂൽ തുടച്ചുനീക്കപ്പെടുകയും ബി.ജെ.പി അധികാരത്തിൽ വരികയും ചെയ്യും. നന്ദിഗ്രാമിൽ ബി.ജെ.പി മികച്ച വിജയം നേടുമെന്നും നഡ്ഡ കൂട്ടിച്ചേർത്തു.
