ഹെലികോപ്റ്ററിൽ കയറുന്നതിനിടെ കാൽ വഴുതി വീണ് മമതാ ബാനർജിക്ക് പരിക്ക്
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജിക്ക് ഹെലികോപ്റ്ററിനുള്ളിൽ കാൽ വഴുതി വീണ് പരിക്കേറ്റു. ദുർഗാപൂരിൽ നിന്ന് തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനായി അസൻസോളിലേക്ക് പോകുകയായിരുന്നു മമത. പരിക്ക് ഗുരുതരമല്ലാത്തതിനാൽ മമത യാത്ര തുടർന്നു.
കഴിഞ്ഞ ആറാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് മമത ബാനർജിക്ക് പരിക്കേൽക്കുന്നത്. മാർച്ച് 14 ന് കൊൽക്കത്തയിലെ കാളിഘട്ടിലെ വസതിയിൽ വീണ് നെറ്റിയിലും മൂക്കിലും ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് മമതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
അതേസമയം സി.ബി.ഐ പശ്ചിമബംഗാളിൽ നടത്തിയ റെയ്ഡിനെതിരെ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരിക്കുയാണ് മമത. ലോക്സഭ തെരഞ്ഞെടുപ്പ് മുൻനിർത്തി പാർട്ടിയുടെ പ്രതിഛായ മോശമാക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്നും അന്വേഷണ ഏജൻസികളുമായി ചേർന്ന് ബി.ജെ.പി ഗൂഢാലോചന നടത്തുകയാണെന്നും തൃണമൂൽ ആരോപിച്ചിരുന്നു.

