'പാർട്ടി കാലാവധി തീർന്നെങ്കിൽ പിന്നെങ്ങനെ മത്സരിച്ചു?' വിമതരുടെ വാദങ്ങൾ പൊളിച്ച് മമത പക്ഷം
text_fieldsമമത ബാനർജി
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് വിമത വിഭാഗം ഉന്നയിച്ച അവകാശവാദങ്ങളെ തള്ളി മമത ബാനർജി പക്ഷം തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകി. പാർട്ടി ഭരണഘടന പ്രകാരം നിലവിലുള്ള സംഘടനാ സമിതികളുടെ കാലാവധി 2027 വരെയാണെന്ന് മമത കമ്മീഷനെ അറിയിച്ചു.
തിങ്കളാഴ്ച ഡൽഹിയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലെത്തിയാണ് തൃണമൂൽ ലോക്സഭാ അംഗം കല്യാൺ ബാനർജി, മഹുവ മൊയ്ത്ര, സാഗരിക ഘോഷ് എന്നിവരടങ്ങുന്ന സംഘം വിശദമായ മറുപടി സമർപ്പിച്ചത്. ഋതബ്രത ബാനർജി വിഭാഗം ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും പാർട്ടിയുടെ ഭരണഘടനാ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും ഇവർ വാദിച്ചു.
2025ൽ പാർട്ടിയുടെ ദേശീയ പ്രവർത്തക സമിതിയുടെ കാലാവധി അവസാനിച്ചു എന്ന വിമത വിഭാഗത്തിന്റെ വാദം തെറ്റാണെന്ന് കല്യാൺ ബാനർജി വ്യക്തമാക്കി. പാർട്ടിയുടെ ഭരണഘടനയിൽ വരുത്തിയ ഭേദഗതികൾ പ്രകാരം സംഘടനാ സമിതികളുടെ കാലാവധി അഞ്ച് വർഷമാണ്. 2022ൽ നടന്ന അവസാന സംഘടനാ തെരഞ്ഞെടുപ്പിന് ശേഷം നിലവിൽ വന്ന സമിതിയുടെ കാലാവധി 2027 വരെ നീണ്ടുനിൽക്കും. ഈ മാറ്റങ്ങൾ നേരത്തെ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനെ ഔദ്യോഗികമായി അറിയിച്ചിട്ടുള്ളതുമാണ്.
വിമതർക്കെതിരെ കടുത്ത വിമർശനവും മമത പക്ഷം ഉന്നയിച്ചിട്ടുണ്ട്. തങ്ങൾ പാർട്ടിയുടെ ഔദ്യോഗിക നേതൃത്വത്തെ അംഗീകരിക്കുന്നില്ലെന്ന് പറയുന്ന വിമത നേതാക്കൾ, 2026ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ ഒപ്പോടുകൂടിയ നാമനിർദ്ദേശ പത്രികയിൽ തൃണമൂൽ ചിഹ്നത്തിലാണ് മത്സരിച്ചത്. 2025ൽ പാർട്ടിയുടെ കാലാവധി അവസാനിച്ചു എങ്കിൽ, എന്ത് അടിസ്ഥാനത്തിലാണ് ഇവർ ഈ തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന് കല്യാൺ ബാനർജി ചോദിച്ചു. ഇവരുടെ വാദം അംഗീകരിച്ചാൽ ഇവർ മത്സരിച്ച തെരഞ്ഞെടുപ്പ് തന്നെ അസാധുവാകുമെന്നും അതുകൊണ്ട് വിമതർ ഉടൻ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജൂൺ 22ന് വിമത വിഭാഗം നടത്തിയ 'പ്രത്യേക സമ്മേളനം' പാർട്ടി ഭരണഘടനയെ ലംഘിച്ചുകൊണ്ടുള്ളതാണെന്നും മമത പക്ഷം ചൂണ്ടിക്കാട്ടി. പാർട്ടി ഭരണഘടന അനുസരിച്ച് ബ്ലോക്ക്, ജില്ലാ, സംസ്ഥാന തലം മുതലുള്ള കൃത്യമായ സംഘടനാ പ്രക്രിയയിലൂടെ മാത്രമേ ദേശീയ സമിതിയെ രൂപീകരിക്കാൻ കഴിയൂ. എന്നാൽ വിമതർ ഇതെല്ലാം മറികടന്നാണ് പുതിയ സമിതി പ്രഖ്യാപിച്ചതെന്ന് മമത പക്ഷം ആരോപിച്ചു.
ഇരു വിഭാഗങ്ങളുടെയും വാദങ്ങൾ കേട്ട ശേഷം തെരഞ്ഞെടുപ്പ് കമ്മീഷൻ തുടർനടപടികൾ സ്വീകരിക്കും. പാർട്ടിക്കുള്ളിലെ തർക്കം ഔദ്യോഗികമായി ഒരു കേസായി രജിസ്റ്റർ ചെയ്യണോ എന്ന് കമ്മീഷൻ വരും ദിവസങ്ങളിൽ തീരുമാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

