‘മണ്ഡലത്തിൽ പുറത്തുനിന്നുള്ളവരെ തിരുകിക്കയറ്റുന്നു,’ വോട്ടർമാരെ തുരത്തുന്നു, ആശങ്ക പരസ്യമാക്കി മമത
text_fieldsകൊൽക്കത്ത: തന്റെ മണ്ഡലമായ ഭവാനിപൂരിൽ വോട്ടർമാരെ തുരത്തി പുറംനാട്ടുകാരെ കൊണ്ടുവന്നുതാമസിപ്പിക്കുന്നുവെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അടുത്തവർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ചാണ് ഇത് നടപ്പാക്കുന്നത്. തന്റെ മണ്ഡലം ഇത്തരത്തിൽ തിരുകിക്കയറ്റിയവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും മമത പറഞ്ഞു.
‘പല സ്ഥലങ്ങളിലും സാധാരണക്കാരോ ദരിദ്രരോ ആയ ആളുകളുടെ താമസ സ്ഥലങ്ങൾ തകർത്ത് വലിയ കെട്ടിടങ്ങൾ ഉയരുന്നു. ഞാൻ ഇതിനെ പിന്തുണക്കില്ല. ഞങ്ങളുടെ വോട്ടർമാരെ തുരത്തുകയാണ്. ഭവാനിപൂരിൽ പുറംനാട്ടുകാരെ നിറക്കുന്നത് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ചാണ്. ബംഗാളിൽ ജീവിക്കുകയും തൊഴിലെടുക്കുകയും ചെയ്യുന്നവരെല്ലാം ഞങ്ങളുടെ ആളുകളാണ്. പക്ഷേ, പെട്ടെന്ന് പുറത്തുനിന്ന് വന്ന് പണം മുടക്കി ഭൂമിയും വീടും വാങ്ങി തദ്ദേശീയരെ തുരത്തുന്നവരെ പുറംനാട്ടുകാരെന്ന് തന്നെ വിശേഷിപ്പിക്കേണ്ടിവരും,’-മമത പറഞ്ഞു.
പ്രത്യേക വോട്ടർപട്ടിക പരിഷ്‍കരണത്തിൽ വോട്ടർമാർ ജാഗ്രത പാലിക്കണമെന്നും മമത മുന്നറിയിപ്പ് നൽകി. ‘സാധാരണക്കാരെ മാറ്റിപ്പാർപ്പിച്ച് വൻകിട നിർമിതികൾ ഉയരുകയാണ്. ഇത് കൃത്യമായ പദ്ധതിയുടെ അടിസ്ഥാനത്തിലാണ്. പാവപ്പെട്ടവരെ സഹായിക്കുക മനുഷ്യരെന്ന നിലയിൽ നമ്മുടെ കർത്തവ്യമാണ്. മമത പറഞ്ഞു’.
ഇതിന് പിന്നാലെ മമതയുടെ ഭയമാണ് വാക്കുകളിൽ തെളിയുന്നതെന്ന് ബി.ജെ.പി തിരിച്ചടിച്ചു. ഭവാനിപൂരിൽ മമത ബാനർജി തോൽക്കുമോ എന്ന ഭീതിയിലാണ് തൃണമൂൽ കോൺഗ്രസ്. അത് മറക്കാനാണ് പുതിയ വാദം ഉയർത്തുന്നതെന്ന് ബി.ജെ.പി നേതാവ് രാഹുൽ സിൻഹ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

