Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതിഷേധ പ്രകടനത്തിനിടെ മമത തൃണമൂൽ പ്രവർത്തകന്റെ മുഖത്തടിച്ചെന്ന് ആരോപണം; ദൃശ്യങ്ങൾ പുറത്തുവിട്ട് ബി.ജെ.പി

text_fields
bookmark_border
പ്രതിഷേധ പ്രകടനത്തിനിടെ മമത തൃണമൂൽ പ്രവർത്തകന്റെ മുഖത്തടിച്ചെന്ന് ആരോപണം; ദൃശ്യങ്ങൾ പുറത്തുവിട്ട് ബി.ജെ.പി
cancel

ന്യൂഡൽഹി: കൊൽക്കത്തയിൽ പാർട്ടി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിനിടെ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി സ്വന്തം പാർട്ടി പ്രവർത്തകന്റെ കരണത്തടിച്ചതായി ആക്ഷേപം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ബരൂപൂരിൽ പന്ത്രണ്ടുകാരിയായ പെൺകുട്ടി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് തൃണമൂൽ കോൺഗ്രസ് യുവജന വിഭാഗം കൊൽക്കത്തയിൽ സംഘടിപ്പിച്ച റാലിക്കിടെയായിരുന്നു സംഭവം. വഴിയിലെ തിരക്ക് നിയന്ത്രിക്കാൻ ശ്രമിച്ച പ്രവർത്തകന്റെ നേരെ മമത പെട്ടെന്ന് ദേഷ്യപ്പെടുകയും മുഖത്തടിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. കൽക്കട്ട ഹൈകോടതിയുടെ കർശന നിബന്ധനകളോടെയായിരുന്നു ബല്ലിഗഞ്ച് ഫാരിയിൽനിന്ന് ആരംഭിച്ച് ഹാസ്ര ക്രോസിങ്ങിൽ സമാപിച്ച പ്രതിഷേധ മാർച്ച്.

വിഡിയോ പ്രചരിച്ചതോടെ കടുത്ത വിമർശനവുമായി ബി.ജെ.പി നേതാക്കൾ ഒന്നടങ്കം രംഗത്തെത്തി. ബി.ജെ.പി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി ഉൾപ്പെടെയുള്ള നേതാക്കൾ ദൃശ്യങ്ങൾ എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചുകൊണ്ട് മമത ബാനർജിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചിട്ടുണ്ട്.

അതേസമയം, പ്രതിഷേധ മാർച്ചിനിടെ പലയിടങ്ങളിലും ബി.ജെ.പി - തൃണമൂൽ പ്രവർത്തകർ തമ്മിൽ ശക്തമായ ഏറ്റുമുട്ടലുണ്ടായി. ബി.ജെ.പി പ്രവർത്തകർ റാലിക്ക് നേരെ മുട്ടയെറിയുകയും കള്ളൻ വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തതായി തൃണമൂൽ നേതാക്കൾ ആരോപിച്ചു. സംഘർഷം നിയന്ത്രിക്കാൻ പൊലീസിന് ലാത്തിവീശേണ്ടി വന്നു. കോടതി അനുമതിയോടെ നടത്തിയ സമാധാനപരമായ റാലി തടയാൻ ബി.ജെ.പി ഗുണ്ടകൾ ശ്രമിച്ചപ്പോൾ പൊലീസ് നിഷ്‌ക്രിയത്വം പാലിച്ചുവെന്ന് മാർച്ചിനുശേഷം അണികളെ അഭിസംബോധന ചെയ്ത മമത ബാനർജി കുറ്റപ്പെടുത്തി. പൊലീസ് ബി.ജെ.പിയുടെ പോഷക സംഘടനയെപ്പോലെയാണ് പെരുമാറുന്നതെന്നും അവർ ആരോപിച്ചു.

പെൺകുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതിനകം നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ പ്രധാന പ്രതിയായ പ്രഭാസ് മണ്ഡൽ ബുധനാഴ്ച പുലർച്ച തെളിവെടുപ്പിനിടെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കൊൽക്കത്ത തെരുവുകളെ സംഘർഷഭരിതമാക്കി ഇരുപാർട്ടികളും പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mamata allegedly slaps Trinamool worker during protest; BJP releases footage
Next Story