Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
mallikarjun kharge 8956
cancel

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായൊന്നും സംഭവിച്ചില്ല. കേന്ദ്ര നേതൃത്വത്തിന്‍റെ ആശിർവാദത്തോടെ മത്സരിച്ച മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെ മികച്ച വിജയം നേടി. എതിർ സ്ഥാനാർഥിയായ ശശി തരൂർ എം.പിയെ ബഹുദൂരം പിന്നിലാക്കിയാണ് ഖാർഗെ 24 വർഷത്തിന് ശേഷം നെഹ്റു കുടുംബത്തിന് പുറത്തുനിന്നുള്ള കോൺഗ്രസ് അധ്യക്ഷനാകുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ഖാർഗെ 7897 വോട്ട് നേടിയപ്പോൾ ശശി തരൂരിന് 1072 വോട്ട് മാത്രമാണ് നേടാനായത്.


ഏറെക്കുറെ അപ്രതീക്ഷിതമായിട്ടായിരുന്നു കോൺഗ്രസ് അധ്യക്ഷന് വേണ്ടിയുള്ള മത്സരക്കളത്തിലേക്ക് കർണാടകയിൽ നിന്നുള്ള മുതിർന്ന നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഖാർഗെയുടെ കടന്നുവരവ്. നെഹ്റു കുടുംബത്തോട് കൂറു പുലർത്തുന്ന ഒരാളെ തേടിയുള്ള അന്വേഷണമാണ് ഖാർഗെയിൽ അവസാനിച്ചത്.

അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം തീരുമാനിച്ചതിന് ശേഷം മുഴുവൻ സമയവും ഉയർന്നുകേട്ട പേര് രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ അശോക് ഗെഹ്ലോട്ടിന്‍റേതായിരുന്നു. ഹൈകമാൻഡിനും ഏറെ താൽപര്യവും ഗെഹ്ലോട്ട് അധ്യക്ഷനാകുന്നതിലായിരുന്നു. എന്നാൽ, രാജസ്ഥാനിൽ സചിൻ പൈലറ്റുമായുള്ള അധികാര വടംവലിയിൽ വിമതശബ്ദമുയർത്തി പാർട്ടിയെ പ്രതിസന്ധിയിലാക്കിയതോടെ ഗെഹ്ലോട്ടിന്‍റെ സ്ഥാനാർഥിത്വത്തിന് മങ്ങലേറ്റു. തുടർന്ന്, ദിഗ് വിജയ് സിങ്ങ് മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായെങ്കിലും അവസാനം ചെന്നെത്തിയത് പൊതുവേ സ്വീകാര്യനായ മല്ലികാർജുൻ ഖാർഗെയിലായിരുന്നു. നേതൃത്വത്തിന്‍റെ തീരുമാനത്തോട് പൂർണവിധേയനായി ഖാർഗെ മത്സരത്തിനിറങ്ങി.




മറുവശത്ത് ശശി തരൂർ മത്സരിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തരൂർ കൂടി ഉൾപ്പെട്ട ജി-23 വിമതസംഘത്തിന്‍റെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പാർട്ടിയിൽ സംഘടനാതെരഞ്ഞെടുപ്പ് നടപ്പാക്കണമെന്നുള്ളതും മുഴുവൻ സമയ അധ്യക്ഷൻ വേണമെന്നുമുള്ളത്. സോണിയയെ വീട്ടിലെത്തി നേരിട്ടുകണ്ടാണ് തരൂർ മത്സരിക്കാനുള്ള ആഗ്രഹം വ്യക്തമാക്കിയത്. ആർക്കും മത്സരിക്കാമെന്ന മുൻ നിലപാട് സോണിയ ആവർത്തിച്ചതോടെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം ഉറപ്പിക്കുകയായിരുന്നു. എന്നാൽ, കൂടെയുണ്ടായിരുന്ന ജി-23യുടെ പിന്തുണ കൂടി തരൂരിന് നഷ്ടപ്പെടുന്നതാണ് തെരഞ്ഞെടുപ്പിൽ കാണാനായത്.

മൂന്ന് തവണ കപ്പിനും ചുണ്ടിനുമിടയില്‍ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടയാളാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കോണ്‍ഗ്രസില്‍ സജീവമായ 80കാരനായ ഖാര്‍ഗെ ഒമ്പത് തവണ എം.എല്‍.എയായിരുന്നു. കോണ്‍ഗ്രസിലെ ഇപ്പോഴത്തെ ഏറ്റവും പ്രധാനപ്പെട്ട ദലിത് മുഖവുമാണ് ഖാര്‍ഗെ. ലോക്‌സഭയിലും രാജ്യസഭയിലും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചിരുന്നു.



1969-ല്‍ ജന്മനാടായ ഗുല്‍ബര്‍ഗയിലെ സിറ്റി കോണ്‍ഗ്രസ് പ്രസിഡന്റായി നിയമിതനായതു മുതലാണ് ഖാര്‍ഗെ നേതൃസ്ഥാനത്തേക്ക് എത്തുന്നത്. 1972-ല്‍ ആണ് ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 1976-ല്‍ ദേവരാജ് ഉര്‍സ് സര്‍ക്കാരില്‍ ആദ്യമായി മന്ത്രിയായി. 1980 ല്‍ ഗുണ്ടു റാവു സര്‍ക്കാര്‍, 1990-ല്‍ എസ് ബംഗാരപ്പ സര്‍ക്കാര്‍, 1992 മുതല്‍ 1994 വരെ എം വീരപ്പ മൊയ്ലി സര്‍ക്കാര്‍ എന്നിവയില്‍ മന്ത്രിയായി. 1996-99-ല്‍ പ്രതിപക്ഷ നേതാവായിരുന്നു. ദേശീയ രാഷ്ട്രീയത്തിലേക്ക് കളം മാറ്റുന്നതിന് മുന്‍പ് 2005-08 ല്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായിരുന്നു. പിന്നീട് 2004 ലെ ആദ്യ മന്‍മോഹന്‍സിംഗ് സര്‍ക്കാരില്‍ തൊഴില്‍ മന്ത്രിയായി.

തുടര്‍ന്ന് റെയില്‍വേ, സാമൂഹിക നീതി, ശാക്തീകരണം എന്നിവയുടെ ചുമതലയും നല്‍കി. 2014 ല്‍ കോണ്‍ഗ്രസ് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങുകയും ലോക്സഭയില്‍ കേവലം 44 അംഗങ്ങളായി ചുരുങ്ങുകയും ചെയ്തതോടെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ലോക്‌സഭയിലെ കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി നേതാവായി. 2019-ല്‍, തന്റെ തിരഞ്ഞെടുപ്പ് ജീവിതത്തില്‍ ആദ്യമായി, ഖാര്‍ഗെ പരാജയം രുചിച്ചു. എന്നാല്‍ അപ്പോഴേക്കും ഹൈക്കമാന്റിന്റെ പ്രീതി പിടിച്ച് പറ്റിയ വിശ്വസ്തനായ ഖാര്‍ഗെയെ കോണ്‍ഗ്രസ് രാജ്യസഭയിലെത്തിച്ചു. 2021 ഫെബ്രുവരിയില്‍ അദ്ദേഹത്തെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവാക്കി. ഒടുവിൽ പാർട്ടി ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ സംഘടനയെയാകെ നയിക്കാനുള്ള ഉത്തരവാദിത്തവും കോൺഗ്രസ് ഖാർഗെയുടെ കൈകളിൽ നൽകിയിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mallikarjun khargeCongress President ElectionCongress President ElectionCongress President Electioncongress president poll
News Summary - mallikarjun kharge to lead congress
Next Story