വഖഫ് കൈയേറ്റം തെളിയിച്ചാൽ രാജി; ഖാർഗെയുടെ വെല്ലുവിളി
text_fieldsന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വഖഫ് ഭൂമി കൈയേറിയെന്ന ബി.ജെ.പി നേതാവ് അനുരാഗ് ഠാക്കൂറിന്റെ പരാമർശത്തിൽ രാജ്യസഭയിൽ ബഹളം. ബുധനാഴ്ച ലോക്സഭയിൽ വഖഫ് ബിൽ ചർച്ചക്കിടെ മുൻ കേന്ദ്ര മന്ത്രികൂടിയായ അനുരാഗ് ഠാക്കൂർ ഉന്നയിച്ച വഖഫ് ഭൂമി കൈയേറ്റ ആരോപണം തെളിയിച്ചാൽ രാജിവെക്കുമെന്ന് ഖാർഗെ രാജ്യസഭയിൽ പറഞ്ഞു.
വിഷയത്തിൽ എം.പിയും സഭാനേതാവും മാപ്പ് പറയണം. രാജ്യസഭ പ്രതിപക്ഷ നേതാവായ തന്റെ അവകാശം സംരക്ഷിക്കണമെന്നും ചെയർമാനോട് ഖാർഗെ ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ ആരോപണം തള്ളിക്കളയുക മാത്രമല്ല, രാഷ്ട്രീയ ആക്രമണങ്ങൾക്ക് വഴങ്ങിക്കൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഖാർഗെ മറുപടി നൽകി.
തന്റെ ജീവിതം എപ്പോഴും ഒരു തുറന്ന പുസ്തകമാണ്. പോരാട്ടങ്ങളും നിറഞ്ഞതായിരുന്നു അത്. പക്ഷേ, പൊതുജീവിതത്തിലെ മൂല്യങ്ങൾ ഞാൻ എപ്പോഴും ഉയർത്തിപ്പിടിച്ചിട്ടുണ്ട്. ലോക്സഭയിൽ അനുരാഗ് ഠാക്കൂർ എനിക്കു നേരെ പൂർണമായും തെറ്റായതും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ ഉന്നയിച്ചു.
ആരോപണങ്ങൾ തെളിയിക്കാൻ കഴിയുന്നില്ലെങ്കിൽ മുൻ കേന്ദ്രമന്ത്രിക്ക് പാർലമെന്റിൽ ഇരിക്കാൻ അവകാശമില്ല. വഖഫ് ഭൂമിയുടെ ഒരു കാര്യംപോലും ഞാനോ എന്റെ കുട്ടികളോ കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം തെളിയിച്ചാൽ ഞാൻ രാജിവെക്കും. തനിക്ക് ഈ കാര്യങ്ങളെ പേടിയില്ലെന്നും താൻ ഒരു തൊഴിലാളിയുടെ മകനാണെന്നും ഖാർഗെ മറുപടി നൽകി. വിഷയത്തിൽ കൂടുതൽ സംസാരിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് കോൺഗ്രസ് അംഗങ്ങൾ സഭയിൽനിന്ന് ഇറങ്ങിപ്പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

