തുറമുഖങ്ങൾ മുതൽ വിമാനത്താവളങ്ങൾ വരെ എല്ലാം പ്രധാനമന്ത്രിയുടെ കീഴിൽ; മോദി ജനങ്ങളെ അടിമകളാക്കുന്നുവെന്ന് ഖാർഗെ
text_fieldsജയ്പൂർ: തുറമുഖങ്ങൾ മുതൽ വിമാനത്താവളങ്ങൾ വരെ എല്ലാം പ്രധാനമന്ത്രിയുടെ കീഴിലാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രി ജനങ്ങളെ അടിമകളാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. കോൺഗ്രസ് ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി പ്രവർത്തിക്കുമെന്നും വാഗ്ദാനങ്ങൾ നടപ്പിലാക്കുമെന്നും ഖാർഗെ പറഞ്ഞു.
"പ്രധാനമന്ത്രിയും ഈ വഴിയെല്ലാം യാത്രയിലാണ്. ഞങ്ങൾ എവിടെയെങ്കിലും പോകണമെന്ന് കരുതിയാൽ അതിന് സാധിക്കാറില്ല. ഇതിനർത്ഥം എല്ലാം പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലാണെന്നാണ്. അദ്ദേഹം ജനങ്ങളെ അടിമകളാക്കാൻ ശ്രമിക്കുകയാണ്" - ഖാർഗെ പറഞ്ഞു.
അവർ തങ്ങളെ തടയാനും ഇല്ലാതാക്കാനും ശ്രമിക്കുമെന്നും എന്നാൽ ഭയപ്പെടാൻ കോൺഗ്രസ് ഉദ്ദേശിച്ചിട്ടില്ലെന്നും ഖാർഗെ കൂട്ടിച്ചേർത്തു. കോൺഗ്രസ് പാവപ്പെട്ടവർക്ക് വേണ്ടി പോരാടുന്നത് തുടരുമെന്നും അവരുടെ പ്രയാസങ്ങൾ നീക്കുകയാണ് പാർട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം രാജസ്താനിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ പെട്രോളിന് വിലകുറക്കുമെന്ന് കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞിരുന്നു. പങ്കാളിത്ത പെൻഷനു പകരം പഴയ പെൻഷൻ രീതിയിലേക്കുള്ള മാറ്റം, 500 രൂപക്ക് പാചകവാതക സിലിണ്ടർ അല്ലെങ്കിൽ ആദ്യ 100 യൂണിറ്റ് സൗജന്യ വൈദ്യുതി തുടങ്ങിയ ജനക്ഷേമ പദ്ധതികളാണ് രാജസ്ഥാനിൽ ഗെഹ്ലോട്ട് നടപ്പാക്കിയത്.
നവംബർ 25നായിരിക്കും രാജസ്ഥാനിലെ 200 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ മൂന്നിന് വോട്ടെണ്ണും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

