‘ബ്രിട്ടീഷുകാരെ ഭയപ്പെട്ടിട്ടില്ല, പിന്നെ മോദിക്കും ഷായ്ക്കും എന്ത് വില നൽകാനാണ്?’ നാഷ്നൽ ഹെറാൾഡ് കേസിൽ ഗൂഢാലോചന തകർന്നു, സത്യത്തിന്റെ വിജയം സുനിശ്ചിതമെന്നും ഖാർഗെ
text_fieldsന്യൂഡൽഹി: നാഷ്നൽ ഹെറാൾഡ് കേസ് രാഷ്ട്രീയ പ്രതികാരം ലക്ഷ്യമിട്ട് മോദിസർക്കാർ വിരിയിച്ചെടുത്ത ഗൂഢാലോചനയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. രാജ്യത്തെ ജനാധിപത്യം തകർക്കാൻ വോട്ടുകള്ളൻമാരുടെ സർക്കാർ എത്ര സമ്മർദ്ദം ചെലുത്തിയാലും കോൺഗ്രസ് പോരാട്ടം തുടരും. സത്യത്തിന്റെ വിജയം സുനിശ്ചിതമാണെന്നും ഖാർഗെ പറഞ്ഞു.
നാഷ്നല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരെ ഇ.ഡിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനപ്രകാരമുള്ള കേസ് പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചതിന് പിന്നാലെയായിരുന്നു ഖാർഗെയുടെ സമൂഹമാധ്യമത്തിലെ പ്രതികരണം.
നാഷണൽ ഹെറാൾഡ്, കോൺഗ്രസ് പാർട്ടി, മുതിർന്ന നേതാക്കൾ എന്നിവരെ അപകീർത്തിപ്പെടുത്തുന്നതിനായി തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ, ഞാനും ഇതേ കാര്യം പറഞ്ഞിരുന്നു - ഞങ്ങൾ ബ്രിട്ടീഷുകാരെ ഭയപ്പെട്ടിരുന്നില്ല, ആ ഞങ്ങൾ ഈ ബി.ജെ.പിക്കും ആർ.എസ്.എസിനും, മോദിക്കും അമിത്ഷാക്കും എന്ത് വില നൽകാനാണ്? ഇന്ന്, മോദി സർക്കാരിന്റെ നടപടികൾ നിയമവിരുദ്ധമാണെന്ന് കോടതിയും പ്രഖ്യാപിച്ചു. മോദി സർക്കാറിന്റെ രാഷ്ട്രീയപ്രതികാരം ലക്ഷ്യമിട്ടുള്ള ക്ഷുദ്രകരമായ ഗൂഢാലോചന തകർക്കപ്പെട്ടു,’ എക്സിലെ കുറിപ്പിൽ ഖാർഗെ പറഞ്ഞു.
വോട്ടുകള്ളൻമാരുടെ സർക്കാർ ജനാധിപത്യത്തെ തകർക്കാൻ എത്ര ശമിച്ചാലും കോൺഗ്രസ് പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ‘ഈ വോട്ടുകള്ളൻമാരുടെ സർക്കാർ ജനാധിപത്യത്തെ തകർക്കാൻ എത്ര ശ്രമിച്ചാലും, 1.4 ദശലക്ഷം ഇന്ത്യക്കാർക്കുവേണ്ടിയുള്ള പോരാട്ടം ഞങ്ങൾ തുടരും, ഭരണഘടനയെ സംരക്ഷിക്കും. സത്യത്തിന്റെ വിജയം സുനിശ്ചിതമാണ്’- ഖാർഗെ കൂട്ടിച്ചേർത്തു.
കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമുള്ള ഇ.ഡി കേസ് സ്വകാര്യ വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണെന്നും എഫ്.ഐ.ആര്‍ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ചൂണ്ടിക്കാണിച്ചാണ് കേസില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചത്. ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഈ കേസില്‍ നേരത്തേതന്നെ ഒരു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കോടതി പറഞ്ഞു. അതേസമയം, ഇ.ഡിക്ക് അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി.
ഇ.ഡിയുടെ കേസ് രാഷ്ട്രീയ പകപോക്കലാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ വാദം. അതേസമയം, ഇത് ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യമാണെന്നും വ്യാജരേഖ ചമച്ചതിനും കള്ളപ്പണം വെളുപ്പിച്ചതിനും തെളിവുണ്ടെന്നുമാണ് ഇ.ഡി വാദിച്ചത്. ബി.ജെ.പി നേതാവായ സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ പരാതിയിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം ഇ.ഡി കേസെടുത്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

