Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിക്കെതിരെ...

മോദിക്കെതിരെ ‘ഭീകരവാദി’ പരാമർശം; മല്ലികാർജുൻ ഖാർഗെക്ക് തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ്

text_fields
bookmark_border
Mallikarjun Kharge
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘ഭീകരവാദി’യെന്ന് ആക്ഷേപിച്ചെന്ന വിവാദത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ് നൽകി. 24 മണിക്കൂറിനകം വിശദീകരണം നൽകണം.

ഖാർഗെക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരുന്നു. കേന്ദ്ര മന്ത്രിമാരായ നിർമല സീതാരാമൻ, കിരൺ റിജിജു, അർജുൻ റാം മേഘ്‍വാൾ എന്നിവരടങ്ങ‍ിയ സംഘമാണ് കമീഷനെ സമീപിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ വിവാദം പ്രചാരണ വിഷയമായിട്ടുണ്ട്. ഖാർഗെയുടെ പരാമർശം അതിരുവിട്ടതാണെന്നും, കേവലം രാഷ്‍ട്രീയ വിമർശനത്തിനപ്പുറം അത് പ്രധാനമന്ത്രി സ്ഥാനത്തിന്‍റെ അന്തസ്സ് തകർക്കുന്നതാണെന്നും ബി.ജെ.പി ആരോപിക്കുന്നു.

അപകീർത്തികരമായ പരാമർശത്തിൽ മനോവിഷമവും ആത്മരോഷവും ഉള്ളതുകൊണ്ടാണ് കമീഷന്‍റെ പക്കൽ പരാതിയുമായി എത്തിയതെന്ന് ബി.ജെ.പി സംഘം അറിയിച്ചു. കേവലം ബി.ജെ.പിയുടെ വിഷയമല്ല രാജ്യത്തിന്‍റെ പ്രശ്നമാണിതെന്നും പ്രധാനമന്ത്രി പാർട്ടിയുടേതല്ല, രാജ്യത്തിന്‍റേതാണെന്നും പാർലമെന്‍ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. കർശന നടപടിയെടുക്കണമെന്ന് കമീഷനോട് ആവശ്യപ്പെട്ടുവെന്നും ഖാർഗെ മാപ്പുപറയണമെന്നും റിജിജു ആവശ്യപ്പെട്ടു. പരാതി കമീഷൻ സ്വീകരിച്ചെന്നും, അതിൽ ഉന്നയിച്ച കാര്യങ്ങൾ പരിശോധിക്കാമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ ബി.ജെ.പിയുമായി സഖ്യം ചേർന്നതിനെ വിമർശിക്കവെയായിരുന്നു ഖാർഗെയുടെ വിവാദ പരാമർശം. അണ്ണാദുരൈയുടെ ചിത്രം ഉപയോഗിക്കുന്ന എ.ഐ.എ.ഡി.എം.കെ എങ്ങനെ നരേന്ദ്ര മോദിയെപ്പോലെ ഒരു തീവ്രവാദിയുമായി കൈകോർക്കുമെന്നും നീതിയിലും സമത്വത്തിലും വിശ്വസിക്കാത്ത ബി.ജെ.പി ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയാണെന്നുമായിരുന്നു പരാമർശം.

പരാമർശം ബി.ജെ.പി വിവാദമാക്കിയതോടെ വാർത്താസമ്മേളനത്തിൽ തന്നെ ഖാർഗെ വിശദീകരണവുമായി രംഗത്തെത്തി. താൻ പ്രധാനമന്ത്രിയെ വ്യക്തിപരമായി ഒരു തീവ്രവാദി എന്ന് വിളിച്ചിട്ടില്ലെന്നും അദ്ദേഹം ജനങ്ങളെയും രാഷ്ട്രീയ പാർട്ടികളെയും ഭയപ്പെടുത്തുന്നു എന്നാണ് ഉദ്ദേശിച്ചതെന്നും ഖാർഗെ വ്യക്തമാക്കി. ഇ.ഡി, സി.ബി.ഐ, ഐ.ടി തുടങ്ങിയ അന്വേഷണ ഏജൻസികളെ കൈപ്പിടിയിലൊതുക്കി മോദി രാഷ്ട്രീയ എതിരാളികളെ നിരന്തരം ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിലാണ് താൻ അത്തരമൊരു വാക്ക് ഉപയോഗിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

പാർലമെന്റിൽ സ്ത്രീ സംവരണ ബിൽ പരാജയപ്പെടുത്തിയ പ്രതിപക്ഷ നടപടിയെ പ്രധാനമന്ത്രി വിമർശിച്ചതിന് തൊട്ടുപിന്നാലെയാണ് ഖാർഗെയുടെ ഈ പരാമർശം പുറത്തുവന്നത്. അണ്ണാദുരൈ, പെരിയാർ, അംബേദ്കർ തുടങ്ങിയവരുടെ ദർശനങ്ങളെ ഇല്ലാതാക്കുന്നതാണ് ബി.ജെ.പി സഖ്യമെന്നും ക്ഷേമപ്രവർത്തനങ്ങൾക്കായി ഡി.എം.കെ-കോൺഗ്രസ് സഖ്യം നിലകൊള്ളുമെന്നും ഖാർഗെ വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election CommissionMallikarjun KhargeBJP
News Summary - Mallikarjun Kharge Gets Election Commission Notice
Next Story