‘കർഷകർക്കുമേൽ നികുതി ചുമത്തുന്നത് ഇന്ത്യാ ചരിത്രത്തിൽ ആദ്യം’; ജി.എസ്.ടി പരിഷ്കരണത്തെ വിമർശിച്ച് ഖാർഗെ
text_fieldsമല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: മോദി സർക്കാറിന്റെ ചരക്കുസേവന നികുതി (ജി.എസ്.ടി) പരിഷ്കരണത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. 'ഒരു രാഷ്ട്രം ഒരു നികുതി' എന്നത് 'ഒരു രാഷ്ട്രം ഒമ്പത് നികുതി' എന്നാക്കി സർക്കാർ മാറ്റിയെന്ന് ഖാർഗെ കുറ്റപ്പെടുത്തി.
'ജി.എസ്.ടി ലളിതവത്കരിക്കണമെന്ന് 10 വർഷം മുമ്പ് കോൺഗ്രസ് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടതാണ്. 'ഒരു രാഷ്ട്രം ഒരു നികുതി' എന്നത് 'ഒരു രാഷ്ട്രം ഒമ്പത് നികുതി' എന്നാക്കി മോദി സർക്കാർ മാറ്റി. നികുതി ഘടനയെ 0%, 5%, 12%, 18%, 28% എന്നും 0.25%, 1.5%, 3%, 6% എന്നിങ്ങനെ പ്രത്യേക നിരക്കായും മാറ്റി -ഖാർഗെ എക്സിൽ കുറിച്ചു.
2019ലെയും 2024ലെയും പ്രകടനപട്ടികയിൽ പറഞ്ഞ പ്രകാരം ലളിതവും യുക്തിസഹവുമായ നികുതി സംവിധാനം നടപ്പാക്കേണ്ടതെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു. എം.എസ്.എം.ഇകളെയും ചെറുകിട വ്യാപാരങ്ങളെയും ബാധിക്കുമെന്ന് പരാതി ഉയർന്നതിനെ തുടർന്ന് ഘടന ലളിതവത്കരിക്കാൻ ആവശ്യപ്പെട്ടു.
2005 ഫെബ്രുവരി 28ന് കോൺഗ്രസ് നേതൃത്വം നൽകിയ യു.പി.എം സർക്കാർ ജി.എസ്.ടി ലോക്സഭയിൽ പ്രഖ്യാപിച്ചു. 2011ൽ അന്നത്തെ ധനമന്ത്രിയായിരുന്ന പ്രണബ് കുമാർ മുഖർജി ജി.എസ്.ടി ബിൽ കൊണ്ടുവന്നെങ്കിലും ബി.ജെ.പി എതിർത്തു. മുഖ്യമന്ത്രിയായിരുന്ന മോദിയും ജി.എസ്.ടിയെ എതിർത്തു. എന്നാൽ, ഇപ്പോൾ ജി.എസ്.ടി ആഘോഷിക്കുന്ന ബി.ജെ.പി സർക്കാർ, സാധാരണക്കാരിൽ നിന്ന് നികുതി പിരിക്കുന്നത് നേട്ടമായി കാണുന്നു.
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് കർഷകർക്ക് മേൽ ജി.എസ്.ടി ചുമത്തുന്നത്. കാർഷികമേഖലയിലെ 36 സാധനങ്ങൾക്കാണ് മോദി സർക്കാർ നികുതി ചുമത്തിയിട്ടുള്ളതെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
ചരക്കുസേവന നികുതിയിൽ (ജി.എസ്.ടി) സമഗ്രമാറ്റത്തിനാണ് ജി.എസ്.ടി കൗൺസിൽ അംഗീകാരം നൽകിയത്. 5%, 12%, 18%, 28% എന്നിങ്ങനെ നാല് സ്ലാബുകൾ ഉള്ളതിൽ 12, 28 ശതമാന സ്ലാബ് എടുത്തുകളഞ്ഞ് 5 %, 18% സ്ലാബുകൾ മാത്രമാക്കി. 28 ശതമാനം സ്ലാബിലുള്ള 90 ശതമാനം ഉൽപന്നങ്ങളും 18 ശതമാനത്തിലേക്കും 12 ശതമാനം സ്ലാബിലുള്ള 99 ശതമാനം ഉൽപന്നങ്ങളും അഞ്ചു ശതമാനത്തിലേക്കും മാറും. ഭൂരിഭാഗം നിത്യോപയോഗ സാധനങ്ങളുടെയും ജി.എസ്.ടി അഞ്ച് ശതമാനമായി കുറച്ചു. സാധാരണക്കാർക്ക് ഏറെ ആശ്വാസമാവുകയും വിപണിക്ക് ഊർജ്ജം പകരുകയും ചെയ്യുന്ന മാറ്റമാണ് ധനമന്ത്രി നിർമ്മല സീതാരാമൻ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.
അതേസമയം, മദ്യം, പുകയില ഉൽപന്നങ്ങൾ, കോള ഉൾപ്പെടെ മധുര പാനീയങ്ങൾ എന്നിവയെ സിൻ ഗുഡ്സ് വിഭാഗത്തിൽ പെടുത്തി 40 ശതമാനം നിരക്ക് ബാധകമാക്കും. 2500 രൂപക്ക് മുകളിലുള്ള പരുത്തി മെത്തകൾക്ക് 12 ശതമാനത്തിൽനിന്ന് 18 ശതമാനമായി നികുതി വർധിപ്പിക്കുന്നു. നിത്യോപയോഗ സാധനങ്ങൾക്കും വാഹനങ്ങൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഉൾപ്പെടെ മിക്ക സാധനങ്ങൾക്കും നികുതി കുറയുന്നതിനാൽ വില കുറയും.
വ്യക്തിഗത ആരോഗ്യ, ലൈഫ് ഇൻഷുറൻസിന് നികുതിയില്ല. 33 ജീവൻ രക്ഷാ മരുന്നുകൾക്ക് നികുതിയില്ല. 12 ശതമാനത്തിൽനിന്നാണ് പൂജ്യം ആക്കിയത്. പനീർ, ചപ്പാത്തി, കടല എന്നിവക്ക് നികുതിയില്ല. ഇലക്ട്രോണിക് അല്ലാത്ത കളിപ്പാട്ടങ്ങൾക്ക് 12 ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമായി കുറയും.
1500 സി.സിയിൽ കുറഞ്ഞതും നാല് മീറ്ററിൽ കുറഞ്ഞ വീതിയുമുള്ള കാറുകൾ, ആംബുലൻസ്, മൂന്നുചക്ര വാഹനങ്ങൾ, ടി.വി, മോണിറ്റർ, പ്രൊജക്ടർ, സെറ്റ്ടോപ് ബോക്സ്, ഡിഷ് വാഷിങ് മെഷീൻ, എയർ കണ്ടീഷനർ, കൂളർ, മാർബിൾ, ഗ്രാനൈറ്റ് തുടങ്ങിയവക്ക് ജി.എസ്.ടി 28 ശതമാനത്തിൽനിന്ന് 18 ശതമാനമാക്കി. സെപ്റ്റംബർ 22 മുതലാണ് പ്രാബല്യം. സർക്കാറിന് വരുമാന നഷ്ടമുണ്ടാവുമെങ്കിലും ഇടപാടുകൾ വർധിക്കുകയും വിപണിക്ക് ഉണർവുണ്ടാവുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. പ്രതിവർഷം 80000 കോടി രൂപയോളം കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കായി വരുമാന നഷ്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

