‘മല്ലികാർജുൻ ഖാർഗെ കർണാടക മുഖ്യമന്ത്രിയാകുന്നത് പാർട്ടിയിൽ എല്ലാവർക്കും സ്വീകാര്യം’ -ജി. പരമേശ്വര
text_fieldsകർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര
ബെംഗളൂരു: എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മുഖ്യമന്ത്രി സ്ഥാനത്തെത്തിയാൽ പാർട്ടിയിലുള്ള എല്ലാവരും അതിനെ സ്വാഗതം ചെയ്യുമെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര. മുതിർന്ന നേതാവും ദീർഘകാലത്തെ അനുഭവസമ്പത്തുമുള്ള ഖാർഗെ മുഖ്യമന്ത്രിയാകുന്നത് സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുഖ്യമന്ത്രി മാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടയിലും ജനങ്ങൾക്ക് നൽകിയ 'നല്ല ഭരണമെന്ന' വാഗ്ദാനം നിറവേറ്റുന്നതിനാണ് മുൻഗണനയെന്ന് പരമേശ്വര ഓർമിപ്പിച്ചു.
മേയ് നാലിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് പിന്നാലെ നേതൃമാറ്റത്തിലും മന്ത്രിസഭ പുനഃസംഘടനയിലും ഹൈകമാൻഡ് നിർണായക തീരുമാനമെടുക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. കർണാടകയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലത്തോടൊപ്പം, മറ്റു സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങളും മേയ് നാലിന് പുറത്തുവരാനിരിക്കെയാണ് ജി. പരമേശ്വരയുടെ ഈ പ്രസ്താവന.
നേതൃമാറ്റത്തിലും മന്ത്രിസഭ പുനഃസംഘടനയിലും നിർണായക തീരുമാനമുണ്ടാകുമെന്ന പാർട്ടി വൃത്തങ്ങളിലെയും രാഷ്ട്രീയ കേന്ദ്രങ്ങളിലെയും അഭ്യൂഹങ്ങൾക്കിടയിലാണ് ഇത്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ഖർഗെയ്ക്ക് വ്യക്തമായ ബോധ്യമുണ്ടെന്നും അതിനാൽ പ്രത്യേകമായി ഒന്നും ബോധിപ്പിക്കേണ്ടതില്ലെന്നും പരമേശ്വര പറഞ്ഞു. നേതൃമാറ്റ വിഷയത്തിൽ തനിക്ക് കൂടുതൽ വിവരങ്ങൾ അറിയില്ലെന്ന് പറഞ്ഞ അദ്ദേഹം, ഒരു ദളിത് മുഖ്യമന്ത്രി വേണമെന്ന കെ.എൻ. രാജണ്ണയുടെ പ്രസ്താവനയെക്കുറിച്ച് പ്രതികരിച്ചില്ല.
സിദ്ധരാമയ്യ സർക്കാർ കാലാവധിയുടെ പകുതി പിന്നിട്ടതോടെയാണ് നേതൃമാറ്റ ചർച്ചകൾ വീണ്ടും ശക്തമായത്. 2023ൽ സർക്കാർ രൂപവത്കരണ വേളയിൽ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിലുണ്ടാക്കിയ ധാരണയനുസരിച്ച് പദവി കൈമാറണമെന്ന ആവശ്യം ശിവകുമാർ പക്ഷം ഉയർത്തുന്നുണ്ട്. മന്ത്രിമാരായ സതീഷ് ജാർക്കിഹോളി, എച്ച്.സി. മഹാദേവപ്പ എന്നിവർ ദില്ലിയിലെത്തി ഖർഗെയുമായും രൺദീപ് സുർജേവാലയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ശിവകുമാറിന്റെ ജന്മദിനമായ മേയ് 15ഓടെ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ അനുയായികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

