ന്യൂഡൽഹി: മലേഗാവ് സ്ഫോടനക്കേസിൽ സുപ്രീംകോടതി എൻ.െഎ.എക്കും മഹാരാഷ്ട്ര സർക്കാറിനും നോട്ടീസ് അയച്ചു. യു.എ.പി.എ കേസുകളിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേണൽ ശ്രീകാന്ത് പുരോഹിത് നൽകിയ അപ്പീലിൽ വാദം കേട്ട ശേഷമാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്.
പ്രത്യേക എൻ.െഎ.എ കോടതി ഹരജി തള്ളിയതിനെ തുടർന്നാണ് പുരോഹിത് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. പുരോഹിതിനും മറ്റുള്ളവർക്കുമെതിരെ മകോക (മഹാരാഷ്ട്ര കൺട്രോൾ ഒാഫ് ഒാർഗനൈസ്ഡ് ക്രൈം ആക്ട് ) ചുമത്തിയതിൽ നിന്ന് പ്രത്യേക കോടതി മോചിപ്പിച്ചിരുന്നെങ്കിലും യു.എ.പി.എ (അൺലോഫുൾ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്) ഒഴിവാക്കിയിരുന്നില്ല. അതിനെതിരെയാണ് അപ്പീൽ നൽകിയത്.
2008ലെ മാലേഗാവ് സ്ഫോടനക്കേസ് പ്രതികളായ പുരോഹിത്, സ്വാധി പ്രജ്ഞ താക്കൂർ, രമേഷ് ഉപാധ്യായ, അജയ് രഹികർ എന്നിവരെ കഴിഞ്ഞ ഡിസംബറിലാണ് മകോകയിൽ നിന്ന് പ്രത്യേക കോടതി ഒഴിവാക്കിയത്.
യു.എ.പി.എയുടെ 13, 17, 20 വകുപ്പുകളും ഒഴിവാക്കിയിരുന്നു. ഇവർക്കെതിരെ യു.എ.പി.എയുടെ 18ാം വകുപ്പ് പ്രകാരം ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരുന്നത്.