മലേഗാവ് സ്ഫോടനം; കുറ്റമുക്തനാക്കണമെന്ന കേണൽ പുരോഹിതിന്റെ ഹരജി സുപ്രീംകോടതി തള്ളി
text_fieldsന്യൂഡൽഹി: മലേഗാവ് സ്ഫോടനക്കേസിൽ നിന്ന് തന്നെ കുറ്റമുക്തനാക്കണമെന്ന ലെഫ്. കേണൽ പ്രസാദ് ശ്രീകാന്ത് പുരോഹിതിന്റെ ഹരജി സുപ്രീംകോടതി തള്ളി.
തന്റെ അപ്പീൽ ബോംബെ ഹൈകോടതി തള്ളയതിനെതിരെയാണ് പുരോഹിത് സുപ്രീംകോടതിയെ സമീപിച്ചത്. 2008ലെ മലേഗാവ് സ്ഫോടനക്കേസിൽ പ്രതികളായ കേണൽ പുരോഹിതും ബി.ജെ.പി എം.പി പ്രജ്ഞസിങ് ഠാകുറും ഉൾപ്പെടെയുള്ള ആറു പേർ വിചാരണ നേരിടുന്നുണ്ട്. പ്രതികളെല്ലാം നിലവിൽ ജാമ്യത്തിലാണ്. ഹൈകോടതി ഉത്തരവിൽ ഇടപെടാൻ ജസ്റ്റിസുമാരായ ഹൃഷികേശ് റോയി, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വിസമ്മതിച്ചു. അതേസമയം, ഹൈകോടതി ഉത്തരവിലെ നിരീക്ഷണങ്ങൾ വിചാരണ കോടതിയെ സ്വാധീനിക്കരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. തന്നെ വിചാരണ ചെയ്യാൻ മതിയായ അനുമതി ലഭിച്ചില്ലെന്ന് പറഞ്ഞാണ് കേണൽ പുരോഹിത് ഹൈകോടതിയിൽ അപ്പീൽ നൽകിയത്. വിചാരണക്ക് അനുമതിയുടെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹരജി തള്ളിയത്.
മഹാരാഷ്ട്ര നാസിക് ജില്ലയിലെ മലേഗാവിൽ നടന്ന സ്ഫോടനത്തിൽ ആറുപേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രജ്ഞ സിങ് ഠാകൂറിന്റെ പേരിലുള്ള ബൈക്കിൽ ഘടിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. ദേശീയ അന്വേഷണ ഏജൻസിയാണ് (എൻ.ഐ.എ) കേസ് അന്വേഷിച്ചത്.

