മാലേഗാവ് സ്ഫോടനക്കേസ്; ബി.ജെ.പിക്ക് ആഘോഷം
text_fieldsന്യൂഡൽഹി: മാലേഗാവ് സ്ഫോടനക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട കോടതിവിധി ആഘോഷമാക്കി ബി.ജെ.പി കേന്ദ്രങ്ങൾ. കാവി ഭീകരതയെന്ന ആഖ്യാനം സൃഷ്ടിക്കാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയെ തകർക്കുന്നതാണ് വിധിയെന്ന് മുൻ നിയമമന്ത്രി രവിശങ്കർ പ്രസാദ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മാപ്പുപറയണം.
പ്രതികൾക്ക് നഷ്ടപരിഹാരം നൽകണം. കോൺഗ്രസ് സമാനമായി നിരവധി ഗൂഢാലോചനകൾ നടത്തിയിട്ടുണ്ട്. ഇസ്രത്ത് ജഹാൻ കേസിൽ അമിത് ഷായെ കുടുക്കി. അമിത് ഷാക്ക് ജാമ്യം അനുവദിച്ച സുപ്രീംകോടതി ഒരു വർഷത്തേക്ക് ഗുജറാത്തിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി. ആ വിധി തെറ്റായിരുന്നു. കേസിൽ സത്യവാങ്മൂലങ്ങൾ കോടതിയിൽ മാറ്റാൻ അന്നത്തെ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനായ ആർ.വി. മണിയെ സമ്മർദത്തിലാക്കിയെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.
ഹിന്ദുക്കളിൽ ഭീകരവാദികളില്ലെന്നും രാജ്യത്ത് ഭീകരവാദികളുണ്ടെങ്കിൽ അവർക്ക് ഒരു മതം മാത്രമേയുള്ളൂവെന്നുമായിരുന്നു ബി.ജെ.പി എം.പി നിഷികാന്ത് ദുബേയുടെ പ്രതികരണം. തീവ്രവാദത്തിന് ഒരിക്കലും കാവി നിറമായിരുന്നില്ല. അതൊരിക്കലും ആവുകയുമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എക്സിൽ കുറിച്ചു. മുഴുവൻ ഹിന്ദു സമൂഹത്തിനും നീതി ലഭ്യമാക്കിയതിന് കോടതിയെ അഭിനന്ദിച്ച് ബി.ജെ.പി എം.പി ബ്രിജ് ലാലും രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

