മാലേഗാവ് സ്ഫോടനം; രണ്ട് ഏജൻസികൾക്കിടയിൽ വൈരുധ്യം നിറഞ്ഞ കേസ്
text_fieldsസ്വാധി പ്രജ്ഞ സിങ്, കേണൽ പ്രസാദ് പുരോഹിത്, ഹേമന്ത് കർക്കരെ
മുംബൈ: 2008ലെ മാലേഗാവ് സ്ഫോടനക്കേസ് പ്രതികളെ വെറുതെവിട്ട വിധിയിൽ മുഴച്ചുനിൽക്കുന്നത് രണ്ട് അന്വേഷണ ഏജൻസികൾക്കിടയിലെയും സാക്ഷിമൊഴികളിലെയും വൈരുധ്യങ്ങൾ. മുംബൈ ഭീകരാക്രമണത്തിൽ (26/11) കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പാണ് ഹേമന്ത് കർക്കരെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര ഭീകര വിരുദ്ധ സേന (എ.ടി.എസ്) പ്രജ്ഞ സിങ് ഠാക്കൂർ അടക്കം 11 പേരെ അറസ്റ്റ് ചെയ്തത്.
സ്ഫോടനത്തിന് ഉപയോഗിച്ചതായി ആരോപിക്കപ്പെട്ട എൽ.എം.എൽ ഫ്രീഡം ബൈക്കാണ് കേസിലെ തുമ്പ്. ആദ്യം ബൈക്കിന്റെ ഉടമയായ പ്രജ്ഞസിങ്ങും പിന്നീട് മറ്റ് 10 പേരും അറസ്റ്റിലായി. മുസ്ലിംകളോട് പ്രതികാരം ചെയ്യാനും ഹിന്ദുരാഷ്ട്രത്തിന് വഴിയൊരുക്കാനും രൂപംകൊണ്ട ‘അഭിനവ് ഭാരത്’ സംഘടനയുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ.
2011ലാണ് എൻ.ഐ.എ കേസെറ്റെടുത്തത്. 2014ൽ ദേശീയ രാഷ്ട്രീയത്തിലെ മാറ്റം എൻ.ഐ.എ നിലപാടിലും പ്രകടമായി. പ്രതികളോട് മൃദുസമീപനം സ്വീകരിക്കാൻ കേന്ദ്ര നിർദേശമുണ്ടെന്ന് എൻ.ഐ.എ ഉദ്യോഗസ്ഥൻ അറിയിച്ചതായി അന്നത്തെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടർ രോഹിണി സാലിയാൻ വെളിപ്പെടുത്തിയത് വിവാദമായിരുന്നു. തുടർന്ന്, അവരെ മാറ്റി. പിന്നീട് എൻ.ഐ.എ നാലുപേരെ കേസിൽ നിന്ന് ഒഴിവാക്കുകയും മകോക നിയമം പിൻവലിക്കുകയും ചെയ്തു. പ്രജ്ഞ സിങ്ങിനെയും കേസിൽ നിന്ന് ഒഴിവാക്കാൻ എൻ.ഐ.എ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിരുന്നില്ല.
എ.ടി.എസ് കണ്ടെത്തലുകളെ എൻ.ഐ.എ ഖണ്ഡിക്കുന്നതാണ് പിന്നെ കണ്ടത്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് എ.ടി.എസ് കണ്ടെത്തിയ തെളിവുകൾ നഷ്ടപ്പെട്ടു. 37ഓളം സാക്ഷികൾ കൂറുമാറി. രണ്ട് അന്വേഷണ ഏജൻസികൾക്കിടയിലെ വൈരുധ്യം ചൂണ്ടിക്കാട്ടിയാണ് 2017ൽ ബോംബെ ഹൈകോടതി പ്രജ്ഞ സിങ്ങിന് ജാമ്യം നൽകിയത്.
സൈനിക ഇന്റലിജൻസ് ഉദ്യോഗസ്ഥനെന്ന നിലയിലാണ് ഗൂഢാലോചനകളിൽ പങ്കെടുത്തതെന്നും വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെന്നും കേസിൽ നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ട് ഹൈകോടതിയിൽ നൽകിയ ഹരജിയിൽ ലഫ്. കേണൽ പ്രസാദ് പുരോഹിത് വാദിച്ചിരുന്നു. എന്നാൽ, അങ്ങനെയെങ്കിൽ എന്തുകൊണ്ട് സ്ഫോടനം തടയാനായില്ല എന്ന മറുചോദ്യമാണ് ഹരജി തള്ളവേ ഹൈകോടതി ഉന്നയിച്ചത്.
പ്രതീക്ഷ തകർന്നെന്ന് ഇരകൾ; ഹിന്ദുത്വയുടെ വിജയമെന്ന് പ്രജ്ഞ സിങ്
മുംബൈ: ഇന്നല്ലെങ്കിൽ നാളെ നീതി ലഭിക്കുമെന്ന പ്രതീക്ഷ തകർത്ത വിധിയെന്ന് 2008 ലെ മാലേഗാവ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട അസ്ഹറിന്റെ (19) പിതാവ് നിസാർ ബിലാൽ. തുടക്കം മുതൽ പല സന്ദർഭങ്ങളിലായി വിചാരണ കോടതിയിലും മേൽകോടതികളിലും ഇടപെടൽ ഹരജികൾ നൽകി കേസ് വിടാതെ പിന്തുടരുകയായിരുന്നു 75 കാരനായ അദ്ദേഹം. ഇന്നല്ലെങ്കിൽ നാളെ നീതികിട്ടുമെന്ന പ്രതീക്ഷ വിധി തകർത്തെന്ന് നാസർ ബിലാൽ പ്രതികരിച്ചു.
ജീവിതത്തിന്റെ അന്ത്യയാമങ്ങളിലെത്തിയ തനിക്ക് ഇൗ വിധി ഒരിക്കലും സമാധാനം തരില്ലെന്ന തോന്നലാണുണ്ടാക്കുന്നതെന്ന് സ്ഫോടനത്തിൽ കൊല്ലപ്പെട്ട 10 വയസ്സുകാരി ഫർഹീൻ ശൈഖിന്റെ പിതാവ് ലിയാകത്ത് ശൈഖ് പറഞ്ഞു. ജീവിത പ്രാരബ്ധങ്ങൾക്കിടയിൽ മറ്റ് മരിച്ചവരുടെ ബന്ധുക്കൾക്കാർക്കും കേസ് പിന്തുടരാൻ സാധിച്ചിട്ടില്ല. ഇത് ഹിന്ദുത്വയുടെ വിജയമാണെന്നാണ് കേസിൽ വെറുതെവിട്ട മുഖ്യപ്രതിയായിരുന്ന സന്യാസിനി പ്രജ്ഞ സിങ് ഠാക്കൂറിന്റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

