മുംബൈ നഗരസഭ തെരഞ്ഞെടുപ്പിൽ മലയാളി തിളക്കം
text_fieldsമുംബൈ: മുംബൈ നഗരസഭ തെരഞ്ഞെടുപ്പിൽ ജയിച്ചവരിൽ മൂന്ന് മലയാളികളും. ഉദ്ധവ് പക്ഷ ശിവസേനയിലെ ജഗദീഷ് (ധാരാവി), കോൺഗ്രസിലെ മെഹർ മുഹ്സിൻ ഹൈദർ (അദ്ധേരി വെസ്‌റ്റ്), ബിജെപിയിലെ ശ്രീകല പിള്ള ( ഗോരേഗാവ്) എന്നിവരാണ് ജയിച്ചത്. മൂവരും സിറ്റിംഗ് കോർപ്പറേറ്റർമാരാണ്.
ചേരിയുടെ പുനർനിർമാണം അദാനി ഏറ്റെടുക്കുന്നതോടെ പുറന്തള്ളപ്പെടുമെന്ന ആശങ്കയിലാണ് ധാരാവി നിവാസികൾ. ആ ആശങ്ക അവിടം ഉദ്ധവ് പക്ഷ ശിവസേനക്ക് തുണയായി. അവിടുത്തെ ഏഴ് സീറ്റുകളിൽ നാലും ഉദ്ധവ് പക്ഷം ജയിച്ചു. ഇതിൽ 185 ആം വാർഡിൽ 3,800 ഓളം വോട്ടിനാണ് ഇരിങ്ങാലക്കുട സ്വദേശിയായ ജഗദീഷ് ജയിച്ചത്. ശിവസേന പിളർന്നപ്പോൾ ജഗദീഷ് ഉദ്ധവിനൊപ്പം തന്നെ നിൽക്കുകയായിരുന്നു.
അദ്ധേരി വെസ്‌റ്റിലെ 66-ാം വാർഡ് കാലങ്ങളായി മുഹ്സിൻ കുടുംബത്തോടൊപ്പമാണ്. മുംബൈ കോൺഗ്രസ് ഉപാധ്യക്ഷനായ മുഹ്സിൻ ഹൈദറിന്റെ ഭാര്യയാണ് മെഹർ. നേരത്തെ ഇവർ സമജ് വാദി പാർട്ടിയിലായിരുന്നു. മുൻ കോർപ്പറേറ്ററാണ് മുഹ്സിൻ. കാസർകോട് ചെറുവത്തൂർ സ്വദേശിയാണ്. മകൻ സൂഫിയാൻ ഹൈദറും മത്സരിച്ചെങ്കിലും വിജയിച്ചില്ല.
ആറ്റിങ്ങൽ സ്വദേശിയാണ് ശ്രീകല പിള്ള. കോൺഗ്രസ് നേതാവും മുൻ കോർപറേറ്ററുമായ ആർ.ആർ.പിള്ളയുടെ മകളാണ്. ഗോരേഗാവ് ആദർശ് നഗർ 57-ാം വാർഡിൽ 3000ലേറെ വോട്ടിനാണ് ജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

