ജയ്ശ്രീറാം വിളിച്ച് ക്രൂരമായി മർദിച്ചുവെന്ന് ഫാദർ ഡേവിസ് ജോർജ്; ജബൽപൂരിൽ ഹിന്ദുത്വപ്രവർത്തകരുടെ മർദനമേറ്റവരിൽ മലയാളികളും
text_fieldsജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂരിൽ ഹിന്ദുത്വപ്രവർത്തകരുടെ മർദനമേറ്റവരിൽ മലയാളികളും. വൈദികർ ഉൾപ്പടെയുള്ള മലയാളികൾക്ക് മർദനമേറ്റുവെന്നാണ് റിപ്പോർട്ട്. ജയ്ശ്രീറാം വിളിച്ച് ക്രൂരമായി മർദിച്ചുവെന്ന് സംഘത്തിലുണ്ടായിരുന്ന ഫാദർ ഡേവിസ് ജോർജ് പറഞ്ഞു. സ്ത്രീകൾ ഉൾപ്പടെയുള്ളവർക്ക് നേരെ മർദനമുണ്ടായി. തങ്ങൾ ആളുകളെ സഹായിക്കാനായി പോയപ്പോഴാണ് തടഞ്ഞുനിർത്തി മർദിച്ചതെന്നും ഡേവിസ് ജോർജ് പറഞ്ഞു.
മധ്യപ്രദേശിൽ ക്രൈസ്തവ പുരോഹിതരെ പൊലീസിന് മുന്നിലിട്ട് ക്രൂരുമായി മർദിച്ച് ഹിന്ദുത്വപ്രവർത്തകർ. മാണ്ഡാല പള്ളിയിലെ പുരോഹിതരും തീർഥാടകരും ഉൾപ്പെടുന്ന സംഘമാണ് ആക്രമിക്കപ്പെട്ടത്. പള്ളിയുടെ 25ാം വാർഷിഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തിലെ വിവിധ പള്ളികളിൽ സന്ദർശനം നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
പള്ളികളിൽ സന്ദർശനം നടത്തുന്നതിനിടെ ഒരു സംഘം വി.എച്ച്.പി ബജ്റംഗ്ദൾ പ്രവർത്തകർ ഇവരുടെ ബസ് തടയുകയായിരുന്നു. തുടർന്ന് ഇവരെ ഒമ്തി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാൽ, പൊലീസ് ഇവരെ വിട്ടയച്ചു.
മുന്നോട്ടുള്ള യാത്രക്കിടെ വി.എച്ച്.പി, ബജ്റംഗ്ദൾ പ്രവർത്തകർ ഇവരെ വീണ്ടും തടയുകയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയും ചെയ്തു. പിന്നീട് സ്റ്റേഷനിൽവെച്ച് പുരോഹിതരടക്കമുള്ളവരെ ക്രൂരമായി മർദിക്കുകയായിരുന്നു. മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

