മൈസൂരുവിലെ നഴ്സിങ് ഹോസ്റ്റലുകളിൽ മലയാളി വിദ്യാർഥികൾ ദുരിതത്തിൽ; ഭക്ഷണത്തിൽ പുഴുവും പാറ്റയും, സൂക്ഷിക്കുന്നത് ശുചിമുറിയിൽ
text_fieldsമൈസൂരു: മൈസൂരുവിലെ നഴ്സിങ് കോളജ് ഹോസ്റ്റലുകളിൽ മലയാളി വിദ്യാർഥികൾ കടുത്ത ദുരിതമനുഭവിക്കുന്നു. ഹോസ്റ്റലുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിൽ പുഴുവും പാറ്റയും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും കണ്ടെത്തി. ലക്ഷങ്ങൾ ഫീസ് വാങ്ങി വിദ്യാർഥികൾക്ക് 'വിഷം' വിളമ്പുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ആരോഗ്യപരിപാലനം പഠിക്കാനെത്തുന്നവർക്ക് ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണമാണ് ഇവിടെ ലഭിക്കുന്നത്. ചിക്കൻ കറിയിൽ രക്തവും തൂവലുകളും ചപ്പാത്തിക്കുള്ളിൽ പ്ലാസ്റ്റിക് കഷ്ണങ്ങളും കണ്ടെത്തിയ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മാംസാഹാരത്തിന്റെ മാത്രമല്ല, വെജിറ്റേറിയൻ ഭക്ഷണത്തിനായി എത്തിക്കുന്ന പച്ചക്കറികളുടെ അവസ്ഥയും പരിതാപകരമാണ്. പച്ചക്കറിക്കടകളിൽ നിന്ന് ഉപേക്ഷിച്ചവയാണ് പാചകത്തിനായി ഉപയോഗിക്കുന്നതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഭക്ഷ്യവസ്തുക്കൾ ശുചിമുറികളിൽ പോലും സൂക്ഷിച്ചിരിക്കുന്ന ഞെട്ടിക്കുന്ന കാഴ്ചയാണ് ഹോസ്റ്റലുകളിലുള്ളത്.
പ്രതിവർഷം 80,000 രൂപയാണ് മെസ്സ് ഫീസായി മാനേജ്മെന്റ് ഈടാക്കുന്നത്. 'ഗ്ലോബൽ എജ്യൂക്കേഷൻ സർവീസ്' എന്ന മലയാളികൾ നടത്തുന്ന ഏജൻസിയാണ് അഞ്ച് ഹോസ്റ്റലുകളിലേക്കും ഭക്ഷണം എത്തിക്കുന്നത്. കോളജുകളിലേക്ക് വിദ്യാർഥികളെ എത്തിച്ചു നൽകുന്നതിന് മാനേജ്മെന്റ് നൽകുന്ന പ്രത്യുപകാരമായാണ് ഈ ഭക്ഷണ കരാർ നൽകിയിരിക്കുന്നത്.
ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെട്ടാൽ വിദ്യാർഥികളെ മാനേജ്മെന്റ് ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. ഇന്റേണൽ മാർക്ക് വെട്ടിക്കുറയ്ക്കുമെന്നും കോഴ്സ് കഴിഞ്ഞാൽ സർട്ടിഫിക്കറ്റുകൾ നൽകില്ലെന്നുമാണ് ഭീഷണി. പുറത്തുനിന്നുള്ള ഭക്ഷണം കൊണ്ടുവരാനും വിദ്യാർഥികൾക്ക് അനുവാദമില്ല. വിദ്യാർഥികൾ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും നടപടിയെടുക്കാൻ മാനേജ്മെന്റുകൾ തയ്യാറാകാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

