ചെന്നൈ: പോണ്ടിച്ചേരി സർവകലാശാലയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുത്ത ബിരുദദാന ചടങ്ങിൽ നിന്ന് മലയാളി വിദ്യാർഥിയെ പുറത്താക്കിയതായി പരാതി. എം.എ മാസ് കമ്യൂണിക്കേഷന്‍ സ്വര്‍ണമെഡല്‍ ജേതാവും കോഴിക്കോട് സ്വദേശിയുമായ റബീഹ അബ്ദുറഹീമിനെയാണ് പുറത്താക്കിയത്.
രാഷ്ട്രപതി ചടങ്ങിനായി എത്തിയപ്പോൾ റബീഹയോട് സുരക്ഷാ ഉദ്യോഗസ്ഥർ ഹാളിൽ നിന്ന് പുറത്ത് പോകാൻ പറയുകയായിരുന്നു. 189 പേരിൽ തെരഞ്ഞെടുത്ത പത്ത് പേർക്ക് മാത്രം നേരിട്ട് ബഹുമതി സമ്മാനിച്ച ശേഷം രാഷ്ട്രപതി മടങ്ങി. ഇതിന് ശേഷമാണ് റബീഹയെ അധികൃതർ ഹാളിനുള്ളിൽ പ്രവേശിപ്പിച്ചത്.
പൗരത്വ ഭേദഗതി നിയമം, പൗരത്വ പട്ടിക എന്നി വിഷയങ്ങളിൽ പ്രതിഷേധിച്ചതിലുള്ള പ്രതികാരമായാണ് ചടങ്ങിൽ നിന്ന് തന്നെ പുറത്താക്കിയതെന്ന് റബീഹ പറഞ്ഞു. പൗരത്വഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് സ്വർണ മെഡൽ നിരസിക്കുകയാണെന്നും അവർ അറിയിച്ചു. അതേസമയം, ഹിജാബ് ധരിച്ചതിനാലാണ് തന്നെ ചടങ്ങിൽ നിന്ന് പുറത്താക്കിയതെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളും റബീഹ നിഷേധിച്ചു.
പൗരത്വഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിൽനിന്ന് സ്വർണമെഡൽ ഏറ്റുവാങ്ങുന്നത് മലയാളി വിദ്യാർഥി കാർത്തിക ബി. കുറുപ്പ് ഉൾപ്പെടെ മൂന്നുപേർ നിരസിച്ചിരുന്നു. എം.എസ്സി ഇലക്ട്രോണിക് മീഡിയ കോഴ്സിലെ ഒന്നാം റാങ്കുകാരിയാണ് കോട്ടയം കറുകച്ചാൽ സ്വദേശിനി കാർത്തിക ബി. കുറുപ്പ്.