ശുദ്ധവായുവിനുവേണ്ടി സമരം; ആ ക്രൂരത നേരിട്ടത് മലയാളി വിദ്യാർഥി
text_fieldsന്യൂഡൽഹി: ഇന്ത്യഗേറ്റിൽ വായുമലിനീകരണത്തിനെതിരെ സമരം ചെയ്ത മലയാളിയായ ആദിവാസി വിദ്യാർഥിക്കെതിരെ ഡൽഹി പൊലീസിന്റെ അതിക്രമം. ശുദ്ധവായു ശ്വസിക്കാനുള്ള സമരത്തിനായി ഇന്ത്യഗേറ്റിൽ സുഹൃത്തുക്കൾക്കൊപ്പം എത്തിയപ്പോളായിരുന്നു ഡൽഹി സർവകലാശാലയിൽ നിയമ വിദ്യാർഥിയായ തൃശൂർ സ്വദേശി ഇ.ആർ. അക്ഷയിനെ നിലത്ത് തള്ളിയിട്ട് മുഖം റോഡിൽ അമർത്തി പൊലീസുകാരൻ നെഞ്ചിൽ മുട്ടുകുത്തിയിരുന്നതും മറ്റൊരു പൊലീസുകാരൻ കൈ മുകളിലേക്ക് വലിച്ചുപിടിച്ചതും. ഇതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായാണ് പങ്കുവെക്കപ്പെടുന്നത്.
മൗലികാവകാശമായ ശുദ്ധവായുവിനുവേണ്ടി നിരവധി വിദ്യാർഥി സംഘടനകൾ ഭാഗമായ ഡൽഹി കോഓഡിനേഷൻ കമ്മിറ്റി ഫോർ ക്ലീൻ എയർ ആഹ്വാനം ചെയ്ത പ്രതിഷേധത്തിനാണ് ഡൽഹി സർവകലാശാല മൂന്നാം വർഷ നിയമ വിദ്യാർഥിയായ അക്ഷയ് ഞായറാഴ്ച ഇന്ത്യഗേറ്റിലെത്തിയത്. പെപ്പർ സ്പ്രേ ഉപയോഗിച്ചു, മാവോവാദി മുദ്രാവാക്യം വിളിച്ചു എന്നീ ആരോപണങ്ങൾ ഉയർത്തിയാണ് പൊലീസ് അക്ഷയ് അടക്കം 23 വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തത്.
ഏതാനും ചിലരാണ് മാവോവാദി അനുകൂല മുദ്രാവാക്യം വിളിച്ചത്. സമരത്തിന്റെ അജണ്ട വായുമലിനീകരണം മാത്രമായിരുന്നെന്നും അതിൽ ഉൾപ്പെടാത്ത മുദ്രാവാക്യം കേട്ടപ്പോൾതന്നെ മറ്റുള്ള വിദ്യാർഥികൾ അവിടെനിന്ന് മാറിയെന്നും സമരത്തിൽ പങ്കെടുത്തവരെ ഉദ്ധരിച്ച് ‘ദ ന്യൂസ് മിനിറ്റ്’ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
അക്ഷയ് ഒരു മാവോവാദി ഗ്രൂപ്പിലും അംഗമല്ലെന്നും രാഷ്ട്രീയ ബോധമുള്ള വിദ്യാർഥി മാത്രമാണെന്നും സുഹൃത്തുക്കളെല്ലാം പറയുന്നു. ആരോപണങ്ങൾ ഗുരുതരമാണെന്നും പ്രാഥമിക അന്വേഷണം ആവശ്യമാണെന്നും നിരീക്ഷിച്ച കോടതി വിദ്യാർഥികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

