'ഇനിയൊരു വിവാഹമുണ്ടെങ്കിൽ മൂകയും ബധിരയുമായ യുവതിയെ വിവാഹം ചെയ്യുക'; ഭർത്താവിന്‍റെ പീഡനത്തെതുടർന്ന് ആത്മഹത്യ ചെയ്ത മാധ്യമപ്രവർത്തകയുടെ ആത്മഹത്യ കുറിപ്പ്
text_fields'ഞാൻ എന്‍റെ ജീവിതം അവസാനിപ്പിക്കുകയാണ്. അതിൽ ഏറ്റവും സന്തോഷിക്കുന്നത് തീർച്ചയായും രണ്ട് പേരാണ്. നീയും ഞാനും'. മരണത്തിന് തൊട്ടു മുൻപ് ബംഗളൂരുവിൽ ആത്മഹത്യ ചെയ്ത മലയാളി മാധ്യമപ്രവർത്തകയായ ശ്രുതി നാരായണൻ ഭർത്താവിനായി എഴുതിയ ആത്മഹത്യ കുറിപ്പിലെ വരികളാണിത്.
കഴിഞ്ഞ ദിവസമാണ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിലെ മാധ്യമപ്രവർത്തകയും, കാസർഗോഡ് സ്വദേശിനിയുമായ ശ്രുതി നാരായണനെ ബംഗളൂരുവിലെ അപ്പാർട്ടമെന്‍റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിൽ നിന്നും നേരിട്ട മാനസികവും ശാരീരികവുമായ പീഡനമാണ് ആത്മഹത്യക്ക് പിന്നിലെന്ന് ശ്രുതി ആത്മഹത്യക്കുറിപ്പിൽ പറയുന്നു. ഭർത്താവിനും, പൊലീസിനും, മാതാപിതാക്കൾക്കുമായി മൂന്ന് വ്യത്യസ്ത ആത്മഹത്യകുറിപ്പുകളാണ് ശ്രുതി എഴുതി തയ്യാറാക്കിയത്.
നാലു വർഷം നീണ്ട ദാമ്പത്യ ജീവിതത്തിൽ കൊടിയ പീഡനങ്ങളാണ് ഭർത്താവ് അനീഷിൽ നിന്നും 27കാരിയായ ശ്രുതി നേരിട്ടത്. 'ഇനിയൊരിക്കലും നിങ്ങളുടെ പീഡനം സഹിക്കേണ്ടതില്ല എന്നോർക്കുമ്പോൾ മരണപ്പെടുന്നതിൽ ഞാൻ സന്തുഷ്ടയാണ്. നിങ്ങളുടെ ജീവിതത്തിൽ ഇനിയൊരിക്കലും ഞാനുണ്ടാകില്ലെന്നതിൽ നിങ്ങൾക്കും സന്തോഷിക്കാം'- ഭർത്താവിനായി എഴുതിയ ആത്മഹത്യാ കുറിപ്പിൽ ശ്രുതി കുറിച്ചു. ഇനിയൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കിൽ ബധിരയും മൂകയുമായ സ്ത്രീയെ വിവാഹം ചെയ്യണമെന്നും, 20 മിനിറ്റിലധികം ആർക്കും പീഡനം സഹിക്കാനാകില്ലെന്നും ശ്രുതി പറയുന്നു.
ശ്രുതി വീട്ടുകാരുമായി സംസാരിക്കുന്നത് അനീഷിന് താത്പര്യമുണ്ടായിരുന്നില്ല. ശ്രുതിയെ നിരീക്ഷിക്കാൻ വീട്ടിൽ രഹസ്യ കാമറകളും മൈക്രോഫോണും സ്ഥാപിച്ചിരുന്നതായും സഹോദരൻ നിഷാന്ത് പറഞ്ഞു. അമ്മക്ക് പണം അയച്ചാലോ, അച്ഛന് പുസ്തകം സമ്മാനിച്ചാലോ അനീഷ് ശ്രുതിയെ ഉപദ്രവിക്കുമായിരുന്നു.
കാസർഗോഡ് ജില്ലയിലെ റിട്ടയേർഡ് അധ്യാപകരായ നാരായണൻ-സത്യഭാമ ദമ്പതികളുടെ മകളാണ് ശ്രുതി. പിതാവ് നാരായണൻ പരിസ്ഥിതി-സാമൂഹിക പ്രവർത്തകൻ കൂടിയാണ്. 'വിവാഹ ബന്ധം വേർപ്പെടുത്തുന്നത് ഞങ്ങളെ വേദനിപ്പിക്കും എന്ന് കരുതിയായിരിക്കാം മകൾ അതിന് മുതിരാതിരുന്നത്. മരുമകനെ വിലയിരുത്തുന്ന കാര്യത്തിൽ ഞങ്ങൾക്ക് പിഴവ് പറ്റി'- പിതാവ് പറയുന്നു. 'ഞാൻ ജീവിച്ചിരുന്നാൽ അത് നിങ്ങൾക്ക് ദു:ഖമായിരിക്കും. മരണപ്പെട്ടാൽ കുറച്ചു ദിവസങ്ങൾ കഴിയുമ്പോഴേക്കും നിങ്ങൾ എന്നെ മറന്നുകൊള്ളും'- എന്നായിരുന്നു ശ്രുതി മാതാപിതാക്കൾക്ക് എഴുതിയ ആത്മഹത്യാ കുറിപ്പിൽ പറഞ്ഞത്. ഫെബ്രുവരിയിൽ ഇരു കുടുംബങ്ങളും ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നു. വിവാഹ ബന്ധം വേർപ്പെടുത്തണമെന്ന് അന്ന് അനീഷിന്‍റെ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അനീഷ് മാപ്പ് പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ മകളെ അനീഷിനൊപ്പം പറഞ്ഞയച്ചു. എന്നാൽ അടുത്ത ദിവസം തന്നെ ആനീഷ് മകളെ വീട്ടിലാക്കി മടങ്ങുകയായിരുന്നുവെന്നും പിതാവ് പറയുന്നു.
പ്രതിസന്ധികളെ ധൈര്യത്തോടെ നേരിട്ടിരുന്ന വ്യക്തിയായിരുന്നു ശ്രുതിയെന്ന് സഹപ്രവർത്തകർ പറയുന്നത്. വിവാഹം എത്രത്തോളം ഒരാളുടെ ജീവിതം മാറ്റിമറിച്ചിട്ടുണ്ടാകാം എന്നതിനെ കുറിച്ച് പറയാൻ ശ്രുതി ശ്രമിച്ചിട്ടില്ലെന്നും സഹപ്രവർത്തകർ കൂട്ടിച്ചേർത്തു. എപ്പോഴും കാഴ്ചയിൽ സ്രുതി സന്തോഷവതിയായിരുന്നുവെന്നും അവർ പറഞ്ഞു.
2013ലാണ് ശ്രുതി റോയിട്ടേഴ്സിൽ ജോലി ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

