കുന്നൂരിൽ വ്യോമസേന കോപ്ടർ അപകടദൃശ്യം പകർത്തിയ മലയാളികൾ മൊഴി നൽകി
text_fieldsഎച്ച്. നാസറും വൈ. ജോയും
കോയമ്പത്തൂർ: കുന്നൂരിൽ വ്യോമസേന കോപ്ടർ തകരുന്നതിന് തൊട്ടുമുമ്പ് വിഡിയോ റെക്കോഡ് ചെയ്ത സംഘത്തിൽപ്പെട്ട രണ്ടുപേരിൽനിന്ന് കോയമ്പത്തൂർ സിറ്റി പൊലീസ് കമീഷണർ മൊഴി ശേഖരിച്ചു. കോയമ്പത്തൂർ ഗാന്ധിപുരത്ത് പ്രിൻറിങ് പ്രസ് നടത്തുന്ന കരിമ്പുക്കടൈ എച്ച്. നാസർ (52), രാമനാഥപുരം തിരുവള്ളുവർ നഗറിൽ താമസിക്കുന്ന ഫോട്ടോഗ്രാഫർ വൈ. ജോയ് എന്ന കുട്ടി (50) എന്നിവരാണ് പൊലീസിൽ മൊഴി നൽകിയത്.
മലയാളികളായ ഇരുവരും വർഷങ്ങളായി കോയമ്പത്തൂരിലാണ് താമസം. ബുധനാഴ്ച നാസറും കുടുംബാംഗങ്ങളും നടത്തിയ ഊട്ടി യാത്രയിൽ ജോയും ഒപ്പമുണ്ടായിരുന്നു. ബുധനാഴ്ച ഉച്ചക്ക് കാട്ടേരിക്ക് സമീപം നീലഗിരി പർവത മീറ്റർ ഗേജ് റെയിൽപാളത്തിന് സമീപമെത്തി ഫോട്ടോകളും വിഡിയോയുമെടുത്തു. 12.14നാണ് ഹെലികോപ്ടർ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ വിഡിയോയിൽ പകർത്തി.
നിമിഷങ്ങൾക്കുള്ളിൽ കനത്ത മൂടൽമഞ്ഞിനകത്തേക്ക് പ്രവേശിച്ച ഹെലികോപ്ടർ മരങ്ങൾക്കു മുകളിൽ വീണ് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടു. ഹെലികോപ്ടർ തകർന്നതായി കരുതി സംഭവസ്ഥലത്തേക്ക് പോകാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. വിഡിയോ ക്ലിപ്പ് മുഖ്യ തെളിവായിരിക്കുമെന്നു കരുതി ഊട്ടി കലക്ടറേറ്റിലും എസ്.പി ഓഫിസിലും പോയെങ്കിലും ആരെയും ബന്ധപ്പെടാൻ കഴിഞ്ഞില്ല. പിന്നീട് ഡ്യൂട്ടിയിലുണ്ടായിരുന്ന ചില പൊലീസുദ്യോഗസ്ഥർക്ക് വിഡിയോ പങ്കുവെച്ച് മടങ്ങുകയായിരുന്നുവെന്നും അവർ അറിയിച്ചു.