‘ഇസ്രായേലിൽനിന്ന് അതിർത്തി കടന്ന് ജോർദാനിലെത്തി, പിന്നീട് കുവൈത്ത് വഴി ഇന്ത്യയിലേക്ക്’; കൂടുതൽ മലയാളികൾ തിരിച്ചെത്തുമെന്നും ശ്രീലക്ഷ്മി
text_fieldsഇസ്രയേലിൽനിന്നും ചൊവ്വാഴ്ച രാവിലെ ഡൽഹി ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ശ്രീലക്ഷ്മി തുളസീധരൻ
ന്യൂഡൽഹി: ഇറാനുമായുള്ള സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഇസ്രായേലിൽനിന്നും കൂടുതൽ മലയാളികൾ തിരിച്ചെത്തുമെന്ന് ചൊവ്വാഴ്ച രാവിലെ ഡൽഹി ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ശ്രീലക്ഷ്മി തുളസീധരൻ. ഇസ്രായേലിൽനിന്ന് അതിർത്തി കടന്ന് ജോർദാനിലെത്തുകയും, അവിടെനിന്ന് വിമാന മാർഗം കുവൈത്ത് വഴി ഇന്ത്യയിലേക്ക് എത്തിയെത്തിയെന്നും ശ്രീലക്ഷ്മി പറഞ്ഞു. കൊല്ലം കൊട്ടാരക്കര സ്വദേശിയായ ശ്രീലക്ഷ്മി ഹീബ്രൂ യൂണിവേഴ്സിറ്റി ഓഫ് ജെറുസലമിലെ ഒന്നാം വർഷ പിഎച്ച്.ഡി വിദ്യാർഥിനിയാണ്. 2024 ജൂലൈലാണ് പഠനത്തിനായി ഇസ്രയേലിൽ എത്തിയത്.
“ഇസ്രായേലിൽനിന്ന് കരാതിർത്തി കടന്ന് ബസിൽ ജോർദാനിലെത്തി. ആദ്യദിവസം അവിടെനിന്ന് വരാനായില്ല. രണ്ടാംദിവസം അവിടെനിന്ന് കുവൈത്തിലേക്ക് വിമാനമുണ്ടായിരുന്നു. പിന്നീട് കുവൈത്തിൽനിന്ന് ഇവിടേക്ക് എത്തി. അടുത്ത ദിവസങ്ങളിൽ കൂടുതൽ മലയാളികളെത്തും. ജറുസലമിൽ ആയിരുന്നതിനാൽ എനിക്ക് യുദ്ധത്തിന്‍റെ തീവ്രത അനുഭവപ്പെട്ടിരുന്നില്ല. എന്നാൽ തെൽഅവീവിലും ഹൈഫയിലും പഠിക്കുന്ന പലരും ഭീതിജനകമായ സാഹചര്യമാണെന്ന് പറഞ്ഞിരുന്നു.
എന്നാൽ മാധ്യമങ്ങളിൽ വരുന്നതുപോലെ വലിയ പ്രശ്നങ്ങൾ അവിടെയില്ല. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും എംബസി ഫലപ്രദമായി ഇടപെടുന്നുണ്ട്. തിരികെ പോകണമെന്ന് സർവകലാശാല അധികൃതരോ മറ്റ് ഉദ്യോഗസ്ഥരോ ആവശ്യപ്പെട്ടിരുന്നില്ല. നേരത്തെതന്നെ തിരികെ വരാനായി രജിസ്റ്റർ ചെയ്തിരുന്നതിനാൽ ആദ്യത്തെ വിമാനത്തിൽ എത്താനായി. നിലവിൽ സമാധാന ചർച്ചകൾ തുടങ്ങിയെന്നാണ് വിവരം. ഏതാനും ദിവസങ്ങൾക്കകം സ്ഥിതി ശാന്തമായേക്കും” -ശ്രീലക്ഷ്മി പറഞ്ഞു.
ഇസ്രായേൽ - ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനുള്ള ദൗത്യമായ ഓപറേഷൻ സിന്ധു വഴിയാണ് മലയാളികൾ അടങ്ങുന്ന സംഘം ഡൽഹിയിലെത്തിയത്. നേരത്തെ ഇറാനിൽനിന്ന് 14 മലയാളികൾ അടങ്ങുന്ന സംഘം ഡൽഹിയിൽ എത്തിയിരുന്നു. വെടിനിർത്തൽ ഉടൻ നിലവിൽ വരുമെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടില്ലെന്ന് ഇറാൻ പ്രതികരിച്ചപ്പോൾ, ഇസ്രായേൽ മൗനം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

