തൃണമൂലിൽ വൻ അഴിച്ചുപണി, അഭിഷേകിന്റെ അധികാരം വെട്ടിക്കുറച്ചു; പഴയ വിശ്വസ്തർക്ക് മടങ്ങിവരവ്
text_fieldsകൊൽക്കത്ത: പാർട്ടിയിൽ പടരുന്ന കലാപത്തെത്തുടർന്ന് തൃണമൂൽ കോൺഗ്രസിൽ അഴിച്ചുപണി. മമത ബാനർജിയുടെ അനന്തരവനും ദേശീയ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയുടെ അധികാരം വെട്ടിക്കുറച്ചു. പാർട്ടിയിൽ അഭിഷേക് ബാനർജിയുടെ വാക്ക് അന്തിമമെന്ന നില മാറി.
ഇദ്ദേഹത്തെ സഹായിക്കാൻ ഡെറിക് ഒബ്രിയൻ, ഡോള സെൻ എന്നിവരെ ദേശീയ ജോയിന്റ് സെക്രട്ടറിമാരായി മമത നിയമിച്ചു. അഭിഷേക് ബാനർജിയുടെ പ്രവർത്തനശൈലിക്കെതിരെയുള്ള അതൃപ്തിയാണ് പാർട്ടിക്കുള്ളിലെ വിമതനീക്കത്തിന് കാരണമെന്നാണ് വിലയിരുത്തൽ.
സംസ്ഥാന അധ്യക്ഷയായി മുതിർന്ന നേതാവ് ചന്ദ്രിമ ഭട്ടാചാര്യയെ നിയമിച്ചു. സുബ്രത ബക്ഷി ദേശീയ വർക്കിങ് കമ്മിറ്റി വൈസ് പ്രസിഡന്റായി തുടരും. പാർട്ടിയിലെ വിവിധ വിഭാഗങ്ങളിൽ പുതുമുഖങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. സജ്ദ അഹമ്മദ്, മമത താക്കൂർ, നയന ബന്ദ്യോപാധ്യായ, സ്വാതി ഖണ്ഡേകർ എന്നിവരാണ് പശ്ചിമ ബംഗാൾ പ്രദേശ് തൃണമൂൽ കോൺഗ്രസിന്റെ പുതിയ വൈസ് പ്രസിഡന്റുമാർ.
സായോനി ഘോഷ് യുവജന വിഭാഗം തലപ്പത്ത് തുടരും. പാർട്ടിയിൽ വിമതസ്വരമുയർന്ന സാഹചര്യത്തിൽ പഴയ വിശ്വസ്തർക്ക് മമത വീണ്ടും ഉത്തരവാദിത്തങ്ങൾ നൽകി.
അതേസമയം, പാർട്ടി വിടുന്ന വിമതർക്കെതിരെ എം.എൽ.എ കുനാൽ ഘോഷ് രംഗത്തെത്തി. ഭരണപരമായ സമ്മർദത്തെത്തുടർന്നാണ് ഇവർ പാർട്ടി വിടുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
മമത ബാനർജിയുടെ പേരിൽ വിജയിച്ചവരാണ് ഇവരെന്നും, ഇവരുടെ പ്രവർത്തനം അവരുടെ സ്വഭാവം വെളിപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി പ്രവർത്തകർ ഇപ്പോഴും തങ്ങൾക്കൊപ്പമാണെന്നും കുനാൽ ഘോഷ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

