Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫിലിപ്പീൻസ് ഭൂചലനം;...

ഫിലിപ്പീൻസ് ഭൂചലനം; സുനാമി ഇന്ത്യയിലെത്തുമോ?

text_fields
bookmark_border
philippines earthquake
cancel

മനില: ദക്ഷിണ ഫിലിപ്പീൻസിലെ മിന്ദനാവോ തീരത്തുണ്ടായ അതിശക്തമായ ഭൂചലനത്തെ തുടർന്ന് പസഫിക് സമുദ്ര മേഖലയിലാകെ സുനാമി ഭീതി. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഫിലിപ്പീൻസിൽ ഇതുവരെ 15 പേർ മരിക്കുകയും 129 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദുരന്തത്തിന് പിന്നാലെ ഫിലിപ്പീൻസ്, ഇന്തോനേഷ്യ, മലേഷ്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾക്ക് അന്താരാഷ്ട്ര ഏജൻസികൾ സുനാമി മുന്നറിയിപ്പ് നൽകിയതോടെ ഇവ ഇന്ത്യൻ തീരങ്ങളെ ബാധിക്കുമോ എന്ന ആശങ്കയും ഉയർന്നിരുന്നു.

എന്നാൽ ഫിലിപ്പീൻസിലുണ്ടായ ഈ ഭൂചലനം മൂലം ഇന്ത്യക്ക് നിലവിൽ യാതൊരുവിധ സുനാമി ഭീഷണിയുമില്ലെന്ന് ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് വ്യക്തമാക്കി. ഭൂകമ്പം ഉണ്ടായ പസഫിക് മേഖലയുടെ തന്ത്രപ്രധാനമായ സ്ഥാനവും മുൻകാല ഡാറ്റയും പരിശോധിച്ചാണ് ഇന്ത്യൻ സുനാമി എർലി വാണിങ് സിസ്റ്റം ഈ നിഗമനത്തിൽ എത്തിയത്. പസഫിക് സമുദ്രത്തിലുണ്ടാകുന്ന സുനാമി തിരമാലകൾക്ക് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് നേരിട്ട് പ്രവേശിക്കാൻ കഴിയില്ലെന്നും ഇന്തോനേഷ്യ ഉൾപ്പെടെയുള്ള വലിയ ദ്വീപസമൂഹങ്ങളും കരഭാഗങ്ങളും ഈ തിരമാലകൾക്ക് സ്വാഭാവിക പ്രതിരോധം തീർക്കുമെന്നും അധികൃതർ അറിയിച്ചു.

ഇന്ത്യ സുരക്ഷിതമാണെങ്കിലും ഫിലിപ്പീൻസിന്റെ തെക്കൻ തീരങ്ങളിൽ ഇതിനകം തന്നെ ചെറിയ സുനാമി തിരമാലകൾ രേഖപ്പെടുത്തിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ മൂന്ന് മീറ്റർ വരെ ഉയരമുള്ള ശക്തമായ തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഇതേത്തുടർന്ന് ഫിലിപ്പീൻസിലെ ഒമ്പത് പ്രവിശ്യകളിലുള്ളവരോട് അടിയന്തരമായി ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാൻ പ്രസിഡന്റ് ഫെർഡിനൻഡ് മാർക്കോസ് നിർദേശിച്ചിട്ടുണ്ട്.

ആദ്യ ഭൂചലനത്തിന് ശേഷം ഒരു മണിക്കൂറിലധികം സമയത്തേക്ക് ശക്തമായ തുടർചലനങ്ങൾ അനുഭവപ്പെട്ടതായി ഫിലിപ്പീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്മോളജി അറിയിച്ചു. ദക്ഷിണ മിന്ദനാവോയിലെ ഏഴര ലക്ഷത്തോളം ജനങ്ങൾ വസിക്കുന്ന ജനറൽ സാന്റോസ് നഗരത്തിലാണ് ഏറ്റവും കനത്ത നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്. റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനമാണ് ഇവിടെ അനുഭവപ്പെട്ടത്.

നഗരത്തിലെ മൂന്ന് നിലകളുള്ള ഒരു റസ്റ്റോറന്റ് കെട്ടിടം പൂർണ്ണമായും തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പുറത്തുവന്നു. നഗരത്തിലെ പ്രശസ്തമായ സെന്റ് എലിസബത്ത് ആശുപത്രിയുടെ പല ഭാഗങ്ങളും തകർന്നതിനെ തുടർന്ന് രോഗികളെയും ജീവനക്കാരെയും അടിയന്തരമായി ഒഴിപ്പിച്ചു. നിലവിൽ ആശുപത്രിക്ക് പുറത്താണ് താൽക്കാലിക ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. നോട്രെ ഡാം ഓഫ് ഡാഡിയംഗാസ് സർവകലാശാലയുടെ ചില കെട്ടിടങ്ങളും ഭാഗികമായി തകർന്നു.

ഫിലിപ്പീൻസിൽ പുതിയ അധ്യയന വർഷം ആരംഭിക്കേണ്ട ദിവസമായിരുന്നു ഇന്ന്. എന്നാൽ ദുരന്ത പശ്ചാത്തലത്തിൽ ബാധിക്കപ്പെട്ട മേഖലകളിലെ മുഴുവൻ സ്കൂളുകളും അടച്ചിടാൻ പ്രസിഡന്റ് ഫെർഡിനൻഡ് മാർക്കോസ് ജൂനിയർ ഉത്തരവിട്ടു. നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്മെന്റ് കൗൺസിൽ ഉൾപ്പെടെയുള്ള എല്ലാ അടിയന്തര രക്ഷാപ്രവർത്തന ഏജൻസികളെയും സജ്ജമാക്കിയതായും പ്രസിഡന്റ് അറിയിച്ചു.

ഭൂചലനത്തെ തുടർന്ന് ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ജപ്പാൻ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ അധികൃതർ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. "സാധനങ്ങൾ എന്തുമാകട്ടെ, നിങ്ങളുടെ ജീവനാണ് പ്രധാനം. ഒട്ടും വൈകാതെ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറുക" എന്ന് പ്രസിഡന്റ് മാർക്കോസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

തീരങ്ങളിൽ 3 മീറ്റർ വരെ ഉയരമുള്ള സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്നായിരുന്നു പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രത്തിന്റെ ആദ്യ റിപ്പോർട്ട്. എന്നാൽ ഉച്ചയോടെ സുനാമി ഭീഷണി ഒഴിഞ്ഞതായി അധികൃതർ വ്യക്തമാക്കി. ഇന്തോനേഷ്യയിലെ വടക്കൻ സുലവേസി പ്രവിശ്യയിലാണ് ഏറ്റവും ഉയർന്ന തിരമാലകൾ (0.83 മീറ്റർ) ദൃശ്യമായത്. ഇന്തോനേഷ്യയും വടക്കൻ മരിയാന ദ്വീപുകളും സുനാമി മുന്നറിയിപ്പുകൾ പിൻവലിച്ചെങ്കിലും തീരപ്രദേശങ്ങളിൽ ശക്തമായ അടിയൊഴുക്കുകൾക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്. ജപ്പാന്റെ തെക്കൻ തീരങ്ങളിൽ ഇപ്പോഴും സുനാമി ജാഗ്രതാ നിർദേശം നിലനിൽക്കുന്നുണ്ട്. തീരപ്രദേശങ്ങളിൽ നിന്നും നദീമുഖങ്ങളിൽ നിന്നും മാറിനിൽക്കാൻ ജപ്പാൻ ഭരണകൂടം ജനങ്ങൾക്ക് നിർദ്ദേശം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earthquakephilippinesMindanaoTsunami WarningIndia
News Summary - Major 7.8-magnitude earthquake hits Philippines; no tsunami warning for India
Next Story