മധ്യപ്രദേശ്: ഭോപാലിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ലൈംഗികമായി പീഢിപ്പിച്ച സംഭവത്തിൽ മുഖ്യപ്രതി പ്യാരേ മിയാൻ അറസ്റ്റിൽ. ബുധനാഴ്ച ജമ്മുകശ്മീരിൽ അറസ്റ്റിലായ പ്രതിയെ പൊലീസ് ഭോപാലിലെത്തിച്ചു. ഇയാൾക്കെതിരെ ഈയിടെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
ഒരു സ്ത്രീയടക്കം മൂന്നുപേർക്കെതിരെയാണ് സംഭവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തത്. പ്യാരേ മിയാന്‍റെ രണ്ട് അപാർട്ട്മെന്‍റുകളിൽ പൊലീസ് നടത്തിയ റെയ്ഡിൽ രണ്ട് ആഢംബര കാറുകളും പിടിച്ചെടുത്തു. പ്രതിയുടെ അപാർട്ട്മെന്‍റുകൾ ആഢംബര പബിന് സമാനമാണെന്നും ഇവിടെനിന്ന് വലിയ അളവിൽ മദ്യം പിടിച്ചെടുത്തതായും സൗത്ത് ഭോപാൽ എസ്.പി കൃഷ്ണ തോട്ട പറഞ്ഞു.
68കാരനായ പ്രതി 7 വർഷത്തോളമായി സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ആളാണെന്നും പോണോഗ്രാഫി കണ്ടന്‍റുകൾ ഉൾപ്പെടെ ഇയാളിൽ നിന്ന് കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ വിവിധ പാർട്ടികൾക്കിടെ പ്രതികൾ പല തവണ പീഢിപ്പിച്ചെന്നാണ് പരാതി. പ്രതികൾക്കെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു.