കോൺഗ്രസ് തോൽക്കുമ്പോഴും ഞങ്ങൾ വീട്ടിലിരുന്ന് ബി.ജെ.പി അധികാരത്തിൽ വരുന്നത് കാണണോ? - രാഹുലിന് മറുപടിയുമായി മെഹുവ മൊയ്ത്ര
text_fieldsന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് ബി.ജെ.പിയുമായി കൂട്ടുകച്ചവടം നടത്തുകയാണെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിനെതിരെ തൃണമൂൽ എം.പി മെഹുവ മൊയ്ത്ര രംഗത്ത്. തൃണമൂൽ കോൺഗ്രസ് മാത്രമാണ് ദേശീയ തലത്തിൽ കോൺഗ്രസിന് ബദലെന്നും അവർ അവകാശപ്പെട്ടു.
മേഘാലയയിൽ തൃണമുൽ കോൺഗ്രസ് മത്സരിക്കുന്നത് ബി.ജെ.പി സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്ന് ഉറപ്പാക്കാനാണെന്നായിരുന്നു രാഹുലിന്റെ വിമർശനം. ഷില്ലോങ്ങിൽ ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു രാഹുലിന്റെ പരാമർശം.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രത്തിൽ അധികാരത്തിൽ വരുന്നതിനായി മറ്റ് പ്രതിപക്ഷ പാർട്ടികളുമായി ചർച്ചകൾ നടക്കുകയാണെന്ന ഐ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ പരാമർശത്തിനു പിന്നാലെയായിരുന്നു രാഹുലിന്റെ ആരോപണം.
തൃണമൂൽ അധികാരത്തിലിരിക്കുന്ന പശ്ചിമ ബംഗാളിലെ അക്രമവും അഴിമതിയും രാഹുൽ ചൂണ്ടിക്കാട്ടി. എല്ലാമറിയാമെന്ന് കരുതുന്ന, ആരെയും ബഹുമാനമില്ലാത്ത ക്ലാസിലെ ചട്ടമ്പിയെ പോലെയാണ് ബി.ജെ.പിയെന്നും രാഹുൽ ആരോപിച്ചു.
രാഹുലിന്റെ ആരോപണങ്ങൾക്ക് ഷില്ലോങ്ങിൽ നടന്ന പ്രചാരണ പരിപാടിയിൽ തന്നെ മെഹുവ മൊയ്ത്ര മറുപടി നൽകി. കോൺഗ്രസിന് ബി.ജെ.പിയെ തോൽപ്പിക്കാനാവുമായിരുന്നെങ്കിൽ തെരഞ്ഞെടുപ്പിൽ ഞങ്ങളുടെ ആവശ്യമുണ്ടായിരുന്നില്ല. കോൺഗ്രസ് സംസ്ഥാനത്ത് പരാജയപ്പെട്ടതോടെയാണ് ഞങ്ങൾ ബദലായി മുന്നോട്ടു വന്നത്. കോൺഗ്രസ് ഓരോ സംസ്ഥാനങ്ങളിലായി തോൽക്കുമ്പോഴും ഞങ്ങൾ വീട്ടിലിരുന്ന് അടുത്ത തെരഞ്ഞെടുപ്പിലും ബി.ജെ.പി അധികാരത്തിൽ വരുന്നത് കാണണോ? - മെഹുവ മൊയ്ത്ര ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

