മഹുവ മൊയ്ത്രക്ക് ഗോവയിൽ ചുമതല നൽകി തൃണമൂൽ കോൺഗ്രസ്
text_fieldsകൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ലോക്സഭ എം.പി മഹുവ മൊയ്ത്രയെ ഗോവയിൽ തൃണമൂൽ കോൺഗ്രസ് പാർട്ടി ചുമതല ഏൽപിച്ചു. ദേശീയതലത്തിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാൻ ശ്രമിക്കുന്നതിെൻറ ഭാഗമായാണ് നടപടി.
കഴിഞ്ഞദിവസം പശ്ചിമ ബംഗാളിലെ രാജ്യസഭ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനായി ഗോവ മുൻ മുഖ്യമന്ത്രി ലൂയിസിഞ്ഞോ ഫലെറോയെ പാർട്ടി നാമനിർദേശം ചെയ്തിരുന്നു. സെപ്റ്റംബറിൽ കോൺഗ്രസ് വിട്ട് മമത ബാനർജി ക്യാമ്പിൽ ചേർന്ന ഫലെറോ നിലവിൽ തൃണമൂൽ കോൺഗ്രസ് വൈസ് പ്രസിഡൻറാണ്.
പാർലമെന്റിൽ കേന്ദ്രസർക്കാറിനും ബി.ജെ.പിക്കുമെതിരെ ശക്തമായ വാദമുഖങ്ങൾ തുറക്കുന്ന ബംഗാളിൽ നിന്നുള്ള മഹുവ മൊയ്ത്ര അഖിലേന്ത്യ തലത്തിൽ പ്രശസ്തയാണ്. മഹുവയുടെ പാർലമെന്റിലെ പല പ്രസംഗങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുകയും ബി.ജെ.പിക്കെിതിരായ പ്രചരണ ആയുധമാകുകയും ചെയ്തിരുന്നു. ഒഴുക്കുള്ള ഇംഗ്ലീഷിൽ മഹുവ നടത്തിയ പ്രസംഗങ്ങൾ രാജ്യമാകെ അവരെ പ്രസിദ്ധയാക്കിയിട്ടുണ്ട്.

