എത്തിക്സ് കമ്മിറ്റിക്കു മുന്നിൽ ആരോപണങ്ങൾ നിഷേധിച്ച് മഹുവ മൊയ്ത്ര
text_fieldsന്യൂഡൽഹി: പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര ലോക്സഭ എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായി. മൂന്ന് ഹാൻഡ് ബാഗുകളുമായാണ് മഹുവ എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ എത്തിയത്.പരാതിക്കാരെ വിസ്തരിക്കാൻ അനുമതി വേണമെന്ന ആവശ്യവും മഹുവ ഉന്നയിച്ചു. ആവശ്യമായ രേഖകൾ സഹിതമാണ് മഹുവ മൂന്ന് കേന്ദ്രമന്ത്രിമാരടങ്ങുന്ന എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായത്.
തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച മഹുവ പാർലമെന്റ് ലോഗിൻ വിവരങ്ങൾ വ്യവസായ ദർശൻ ഹിരനന്ദാനിക്ക് കൈമാറിയ കാര്യം സമ്മതിച്ചിട്ടുണ്ട്. രണ്ടുകോടി രൂപയുടെ കൈക്കൂലി വാങ്ങിയിട്ടില്ലെന്നും തനിക്ക് ഒരു സ്കാർഫും കുറച്ച് ലിപ്സ്റ്റിക്കുകളും മേയ്ക്കപ്പ് സാധനങ്ങളുമാണ് ദർശൻ സമ്മാനമായി ലഭിച്ചതെന്നായിരുന്നു നേരത്തേ മഹുവ പറഞ്ഞത്. ദുബൈയിലെ ഡ്യൂട്ടി ഫ്രീ കടയിൽ നിന്നാണ് ദർശൻ മേയ്ക്കപ്പ് സാധനങ്ങൾ വാങ്ങിയതെന്നും മഹുവ വ്യക്തമാക്കിയിരുന്നു.
മഹുവയുടെ ലോഗിൻ ഐഡി ദുബൈയിൽ നിന്ന് 47 തവണ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത് തെറ്റായ നടപടിയിലാണെന്നാണ് എത്തിക്സ് കമ്മിറ്റിയുടെ വിലയിരുത്തൽ. ലോക്സഭ എത്തിക്സ് കമ്മിറ്റിക്ക് ക്രിമിനൽ കുറ്റാരോപണങ്ങൾ പരിശോധിക്കാൻ അധികാരമില്ലെന്ന് മഹുവ എത്തിക്സ് കമ്മിറ്റി ചെയർമാനും ബി.ജെ.പി എം.പിയുമായ വിനോദ് കുമാർ സോങ്കറിന് അയച്ച കത്തിൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വ്യവസായി ദർശൻ ഹിരാനന്ദാനിയെ കമ്മിറ്റി വിചാരണ ചെയ്യണമെന്ന ആവശ്യവും മഹുവ ആവർത്തിച്ചിരുന്നു. മഹുവയ്ക്കെതിരെ പരാതി ഉന്നയിച്ച ബി.ജെ.പി എം.പി നിഷികാന്ത് ദുബെ, മഹുവയുടെ മുൻ പങ്കാളിയും അഭിഭാഷകനുമായ ജയ് ആനന്ദ് ദെഹാദ്റായ് എന്നിവർ ഒക്ടോബർ 26നു സമിതിക്കു മുന്നിൽ ഹാജരായിരുന്നു.
പാർലമെന്റിൽ ചോദിക്കാൻ മഹുവ മൊയ്ത്ര തന്നിൽ നിന്ന് ചോദ്യങ്ങൾ വാങ്ങിയെന്നും ദുബൈയിൽനിന്നു ചോദ്യങ്ങൾ പോസ്റ്റ് ചെയ്യാൻ മഹുവയുടെ പാർലമെന്ററി ലോഗിൻ ഐഡിയും പാസ്‌വേഡും ഉപയോഗിച്ചെന്നുമാണ് ദർശൻ ഹിരാനന്ദാനി പറയുന്നത്. അതിന് മഹുവ കോടികൾ കൈപ്പറ്റിയെന്നാണ് ബി.ജെ.പിയുടെ ആരോപണം. പാർലമെന്റ് ലോഗിൻ ഐഡിയും പാസ്‌വേഡും ദർശൻ ഹിരനന്ദനിക്ക് കൈമാറിയെന്ന കാര്യം മഹുവ സമ്മതിച്ചിരുന്നു. ആരോപണം തെളിഞ്ഞാൽ മഹുവയുടെ ലോക്സഭ അംഗത്വം സസ്പെൻഡ് ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

