അംഗത്വമെടുത്ത് ഒമ്പത് മാസങ്ങൾക്ക് ശേഷം ബി.ജെ.പിയിൽ നിന്ന് രാജിവെച്ച് മഹേഷ് വാസവ
text_fieldsസൂററ്റ്: നർമദ ജില്ലയിലെ ദെദിയപാഠയിൽ നിന്നുള്ള എം.എൽ.എയും ഭാരതീയ ട്രൈബൽ പാർട്ടി നാഷണൽ പ്രസിഡന്റുമായിരുന്ന മഹേഷ് വാസവ തിങ്കളാഴ്ച ബി.ജെ.പി വിട്ടു. പാർട്ടിയിൽ അംഗത്വം എടുത്ത് ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് രാജി. മുതിർന്ന ആദിവാസി ഗോത്ര നേതാവ് ഛോട്ടു വാസവയുടെ മകനാണ് മഹേഷ്.
'തന്റെ അധികാര പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് താൻ ബി.ജെ.പിയിൽ ചേർന്നത്. എന്നാൽ താൻ നിർദേശിച്ച ഒന്നും അവർ നടപ്പിലാക്കിയില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് എം.പി മൻസുഖ് വാസവയ്ക്ക് വേണ്ടി പ്രചരണ പ്രവർത്തനങ്ങളിൽ താൻ പ്രവർത്തിക്കുകയും അദ്ദേഹം വിജയിക്കുകയും ചെയ്തു. എന്നാൽ ഫലം വന്ന ശേഷം പാർട്ടിയുടെ നേതാവ് തന്നെ ഒരു പാർട്ടി പ്രവർത്തനങ്ങൾക്കും ക്ഷണിച്ചില്ല. മനപൂർവം തന്നെ അകറ്റി നിർത്തുകയാണ് ചെയ്തത്.' മഹേഷ് ആരോപിച്ചു.
മഹേഷ് വാസവയും പാലൻപൂരിൽ നിന്നുള്ള മുൻകോൺഗ്രസ് എം.എൽ.എ ബനസ് കാന്തയും 2024 മാർച്ച് 11നാണ് ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പിയിൽ അംഗമായത്. പാർട്ടിയിൽ അംഗത്വമെടുത്ത ശേഷം ഇരുവരും നരേന്ദ്ര മോദിയെ പ്രശംസിച്ചു കൊണ്ട് മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.
ബി.ജെ.പി, ആർ.എസ്.എസ് പ്രത്യശാസ്ത്രങ്ങൾക്കെതിരെ ആദിവാസി, ദളിത്, ഒബിസി, മുസ്ലീം ,ക്രിസ്ത്യൻ, സിഖ് ജനത ഒരുമിച്ച് പോരാടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.