മഹായുതിയിൽ ഭിന്നത രൂക്ഷം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി അജിത് പവാറും ഫഡ്‌നാവിസും തമ്മിൽ വാക്പോര്
text_fieldsഅജിത് പവാർ, ദേവേന്ദ്ര ഫഡ്നാവിസ്
മുംബൈ: മുംബൈ മുനിസിപ്പൽ കോർപറേഷൻ (ബി.എം.സി) ഉൾപ്പെടെയുള്ള നിർണായക തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ മഹായുതി സഖ്യത്തിനുള്ളിലെ ഭിന്നത രൂക്ഷമാകുന്നു. ഉപമുഖ്യമന്ത്രി അജിത് പവാറും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും തമ്മിൽ ഭരണനിർവഹണം, സൗജന്യ വാഗ്ദാനങ്ങൾ, അഴിമതി ആരോപണങ്ങൾ എന്നിവയെച്ചൊല്ലി ശക്തമായ വാക്പോര് നടക്കുകയാണ്.
പിംപ്രി-ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപറേഷനിൽ 2017 മുതൽ 2022 വരെ ബി.ജെ.പി നടത്തിയ ഭരണത്തിൽ വലിയ അഴിമതിയും കെടുകാര്യസ്ഥതയും നടന്നതായി അജിത് പവാർ ആരോപിച്ചു. താൻ ബി.ജെ.പിയെ വ്യക്തിപരമായി അധിക്ഷേപിക്കുകയല്ലെന്നും ഭരണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടുക മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 500 ചതുരശ്ര അടി വരെയുള്ള വീടുകൾക്ക് വസ്തു നികുതി ഒഴിവാക്കും എന്നതുൾപ്പെടെ നിരവധി വാഗ്ദാനങ്ങൾ അദ്ദേഹം മുന്നോട്ട് വെച്ചു.
‘അജിത് ദാദ സംസാരിക്കുമ്പോൾ ഞാൻ പ്രവർത്തിക്കുന്നു’ എന്നായിരുന്നു ഫഡ്‌നാവിസിന്റെ മറുപടി. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചില നേതാക്കൾ അമിതമായി സംസാരിക്കാൻ തുടങ്ങുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മെട്രോ യാത്ര സൗജന്യമാക്കുമെന്ന പവാറിന്റെ വാഗ്ദാനം യാഥാർഥ്യത്തിന് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ക്രിമിനൽ പശ്ചാത്തലമുള്ളവരെ സ്ഥാനാർഥികളാക്കുന്നതിനെയും ഫഡ്‌നാവിസ് വിമർശിച്ചു.
ഭരണകക്ഷിയിൽ ഒപ്പമാണെങ്കിലും പുണെ, പിംപ്രി-ചിഞ്ച്‌വാഡ് മുനിസിപ്പൽ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പിയും തനിച്ചാണ് മത്സരിക്കുന്നത്. ഇത് സഖ്യകക്ഷികൾക്കിടയിൽ കടുത്ത മത്സരത്തിന് വഴിവെച്ചിട്ടുണ്ട്. ബി.എം.സി ഉൾപ്പെടെയുള്ള 29 മുനിസിപ്പൽ കോർപറേഷനുകളിലേക്കുള്ള വോട്ടെടുപ്പ് ജനുവരി 15ന് നടക്കും. 16നാണ് വോട്ടെണ്ണൽ.
ശിവസേനയിലെ പിളർപ്പിന് ശേഷം നടക്കുന്ന ആദ്യ ബി.എം.സി തെരഞ്ഞെടുപ്പ് ആയതിനാൽ രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന ഒന്നാണിത്. സഖ്യകക്ഷികൾ തമ്മിലുള്ള പോര് തെരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ ബാധിക്കുമെന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

