മഹാരാഷ്ട്രയുടെ മതപരിവർത്തന നിയമം; കോടതിയെ സമീപിക്കുമെന്ന് പ്രകാശ് അംബേദ്കർ
text_fieldsമുംബൈ: രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകിയ മഹാരാഷ്ട്ര സർക്കാറിന്റെ മഹാരാഷ്ട്ര മതസ്വാതന്ത്ര്യനിയമം 2026ന് എതിരെ മുംബൈ ഹൈകോടതിയെ സമീപിക്കുമെന്ന് ഭരണഘടനശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ പേരമകനും വഞ്ചിത് ബഹുജൻ അഘാഡി അധ്യക്ഷനുമായ പ്രകാശ് അംബേദ്കർ. നിർബന്ധിത മതംമാറ്റം തടയാനാണ് നിയമമെന്നാണ് ബി.ജെ.പി സഖ്യസർക്കാറിന്റെ വാദം.
വ്യക്തിസ്വാതന്ത്ര്യത്തിന് എതിരും ഭരണഘടനാവിരുദ്ധവുമാണ് നിയമമെന്ന് പ്രകാശ് പറഞ്ഞു. ഉടനെ ഹൈകോടതിയെ സമീപിക്കുമെന്നും അറിയിച്ചു. കഴിഞ്ഞ മാർച്ചിൽ മഹാരാഷ്ട്ര നിയമസഭയും നിയമസഭ കൗൺസിലും ശബ്ദവോട്ടോടെ പാസാക്കിയ ബില്ലിന് കഴിഞ്ഞദിവസമാണ് രാഷ്ട്രപതി അംഗീകാരം നൽകിയത്.
ഇനി സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ നിയമം നിലവിൽ വരും. പുതിയ നിയമപ്രകാരം മതംമാറ്റത്തിന് രണ്ടുമാസം മുമ്പേ ജില്ല മജിസ്ട്രേറ്റിന്റെ അനുമതി തേടണം. മതംമാറ്റത്തിൽ പരാതിയുണ്ടെങ്കിൽ രക്ത ബന്ധുക്കൾക്കും പരാതി നൽകാം. കുറ്റക്കാർക്ക് ഏഴുവർഷം വരെയാണ് തടവ്. ആവർത്തിച്ച് മതംമാറ്റുന്നവർക്ക് 10 വർഷം വരെ തടവ് ലഭിക്കാം. നിയമം ദുരുപയോഗം ചെയ്യപ്പെടുമെന്നും വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റത്തിന് വഴിതുറക്കുമെന്നും മുസ്ലിം, ക്രിസ്ത്യൻ സംഘടനകൾ ആശങ്ക പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

