പ്രതിദിന ഓക്സിജൻ ആവശ്യകത 800 മെട്രിക് ടണ്ണിൽ കൂടിയാൽ ലോക്ഡൗണെന്ന് മഹാരാഷ്ട്ര മന്ത്രി
text_fieldsമുംബൈ: രാജ്യത്ത് കോവിഡിന്‍റെ ഒമിക്രോൺ വകഭേദം വ്യാപിക്കുന്നതിനിടെ ലോക്ഡൗണിനെ കുറിച്ച് സൂചനകൾ നൽകി മഹാരാഷ്ട്ര മന്ത്രി. മെഡിക്കൽ ഓക്സിജന്‍റെ പ്രതിദിന ആവശ്യകത 800 മെട്രിക് ടണിൽ കൂടിയാൽ മാത്രം ലോക്ഡൗൺ ഏർപ്പെടുത്തുന്നത് പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു.
ജനങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. മഹാരാഷ്ട്രയിൽ മാത്രം 108 പേർക്കാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിതരുള്ളതും മഹാരാഷ്ട്രയിലാണ്. രാജ്യത്ത് ഇതുവരെ 415 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്.
ഒമിക്രോൺ സ്ഥിരീകരിക്കുന്നവരിൽ രോഗം ഗുരുതരമാവുന്നവരുടെ എണ്ണം താരതമ്യേന കുറവാണ്. ഐ.സി.യുവിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണവും കുറവാണ്. ഒമിക്രോണിനെ പ്രതിരോധിക്കാൻ മാസ്ക് ധരിക്കുകയെന്നത് പ്രാധാന്യമർഹിക്കുന്ന ഒന്നാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
മുംബൈയിൽ കഴിഞ്ഞ ദിവസം മാത്രം 757 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗബാധ ഉയരുന്നതിന്‍റെ സൂചനയായാണ് വിദഗ്ധർ ഇതിനെ വിലയിരുത്തുന്നത്. ഒമിക്രോണിനെ തുടർന്ന് ചില നിയന്ത്രണങ്ങൾ മഹാരാഷ്ട്ര ഏർപ്പെടുത്തിയിരുന്നു. രാത്രി ഒമ്പത് മണി മുതൽ ആറ് മണി വരെ അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

